വ്യാപക നാശം വിതച്ച് പെരുമഴ; ഒരു മരണം; പലയിടത്തും ഗതാഗതക്കുരുക്ക്; കരിപ്പൂരില്‍ വിമാനങ്ങള്‍ വൈകുന്നു

0

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ പരക്കെ നാശനഷ്ടം. കനത്തമഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കോട്ടയത്ത് യുവാവ് മരിച്ചു. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശ് വിമോദ് കുമാര്‍ (38) ആണ് മരിച്ചത്. ചൂണ്ടയിടാന്‍ പോയ യുവാവ് തോട്ടില്‍ വീണു മരിച്ചതായാണ് നിഗമനം. ബുധനാഴ്ച വൈകീട്ടാണ് വിമോദിനെ കാണാതായത്.

കോഴിക്കോട് പന്തീരാങ്കാവ് ദേശീയ പാതയില്‍ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നു വീണു. കോഴിക്കോട് സായ്കേന്ദ്രത്തിലും വെള്ളം കയറി. മാവൂര്‍ തെങ്ങിലക്കടവ് ആയംകുളം റോഡ് 30 മീറ്ററോളം പുഴയിലേക്കിടിഞ്ഞു. കോഴിക്കോട് വ്യാപക കൃഷിനാശമുണ്ടായി. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു.കൊച്ചിയില്‍ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരം വര്‍ക്കല ഹെലിപ്പാഡ് ഭാഗത്തെ കുന്ന് ഇടിഞ്ഞു. രാവിലെ ഒമ്പതു മണിയോടെയാണ് കുന്ന് ഇടിഞ്ഞത്. സന്ദര്‍ശകര്‍ക്ക് കാഴ്ചകള്‍ കാണുന്നതിനും വിശ്രമിക്കുന്നതിനുമായി പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങളുടെ ഭാഗത്തെ കുന്നാണ് ഇടിഞ്ഞത്. ഏതാണ്ട് 25 മീറ്ററോളം താഴ്ച്ചയാണ് ഈ ഭാഗത്ത് ഉള്ളത്.

തൃശ്ശൂരിലെ അപ്രതീക്ഷിത വെള്ളക്കെട്ടില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് വിശദീകരണം തേടുമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ അറിയിച്ചു. ഓട വൃത്തിയാക്കുന്നതിന് തെരഞ്ഞെടുപ്പ് തടസ്സമായിരുന്നില്ല. എന്താണ് തടസ്സമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ആരായും. മഴ വെള്ളം ഒഴുകിപ്പോകാന്‍ ആവശ്യമെങ്കില്‍ ഏമ്മാക്കല്‍ ബണ്ട് തുറക്കുമെന്നും കലക്ടര്‍ അറിയിച്ചു.

കനത്ത മഴയില്‍ കൊല്ലം കിഴക്കേ കല്ലടയില്‍ തെങ്ങ് വീണ് വീടു തകര്‍ന്നു. കൊച്ചു പ്ലാമൂട് ഷാജിയുടെ വീടാണ് തകര്‍ന്നത്. രാവിലെ ആറേകാലോടെയാണ് സംഭവം. വീടിന്റെ കിടപ്പുമുറിയും അടുക്കളയും തകര്‍ന്നു. വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മയ്യനാട് മഴയത്ത് വീടു തകര്‍ന്ന് ഒരു കുട്ടിക്ക് പരിക്കേറ്റിരുന്നു.

മോശം കാലാവസ്ഥയെത്തുടർന്ന് കരിപ്പൂരിൽനിന്നുള്ള വിമാനങ്ങള്‍ വൈകുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി, മസ്ക്കറ്റ് വിമാനങ്ങളാണ് വൈകുന്നത്. വഴിതിരിച്ചുവിട്ട ദോഹാ–കരിപ്പുർ വിമാനം മംഗലാപുരത്തിറക്കി. കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply