പെരിയാറിലെ മത്സ്യക്കുരുതി; 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചു; കോടികളുടെ നഷ്ടം

0

കൊച്ചി: രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രാഥമിക‌ കണക്കുമായി ഫിഷറീസ് വകുപ്പ്. കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായത്. 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചു.

വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയതായി ഫിഷറീസ് വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ പെരിയാറിലെ മത്സ്യക്കുരുതിയിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം ഇന്ന് തുടങ്ങും. മലിനീകരണ നിയന്ത്രബോർഡ്, ജലസേചന വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയവരെല്ലാം ഒരുമിച്ചുള്ള അന്വേഷണമാണ്. ഒരാഴ്ചക്കകം റിപ്പോർട്ട് കൊടുക്കാനാണ് കളക്ടറുടെ നിർദേശം.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മീനുകള്‍ ചത്തുപൊന്താന്‍ തുടങ്ങിയത്. തുടക്കത്തില്‍ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. തുടര്‍ന്ന് കടമക്കുടി, ചേരാനെല്ലൂര്‍ ഭാഗങ്ങളിലേക്കും വ്യാപിച്ചു. ലക്ഷങ്ങള്‍ മുടക്കി കൃഷി ചെയ്തവരുടെ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ശക്തമായ മഴയ്ക്കിടെ വ്യവസായ ശാലകളില്‍ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങള്‍ ഒഴുക്കിയതിനെ തുടര്‍ന്നാണ് മീനുകള്‍ ചത്തുപൊങ്ങിയത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. പിസിബി യുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്ന് എലൂർ പിസിബി ഓഫീസിലേക്ക് മാർച്ച് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here