തന്നെ തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞ് വിദ്യാർഥിയെ കൊല്ലാ‍ൻ ശ്രമം; ഗുണ്ട കൊട്ടിയം ഷിജു പിടിയിൽ

0

കൊല്ലം: വിദ്യാർഥിയെ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു കടന്നു കളഞ്ഞ ഗുണ്ടയെ പൊലീസ് പിടികൂടി. ചിതറ ബൗണ്ടർമുക്കിൽ താമസിക്കുന്ന കൊട്ടിയം ഷിജു (48) ആണ് അറസ്റ്റിലായത്. തന്നെ തിരിച്ചറിഞ്ഞില്ല എന്ന കാരണം പറഞ്ഞാണ് ഇയാൾ വിദ്യാർഥിയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ നോക്കിയത്.

ഏപ്രിൽ 17നായിരുന്നു സംഭവം. മൂന്നുമുക്ക് സജീർ മൻസിലിൽ മുസമ്മലിന് (18) ആണ് മർദ്ദനമേറ്റത്. കൊല്ലത്ത് കോച്ചിങ് ക്ലാസിനു പോയ മുസമ്മൽ സ്വകാര്യ ബസിൽ വീട്ടിലേക്ക് വരുമ്പോഴാണ് മർദ്ദനമേറ്റത്. ബൗണ്ടർമുക്കിൽ വച്ച് ബസ് ബ്രേക്ക് ഡൗണായി. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ റോഡിൽ ഇറങ്ങി നിന്നു.

ഈ സമയത്ത് സ്കൂട്ടറിൽ അതുവഴിയെത്തിയ ഷിജു എല്ലാവരോടും മാറി നിൽക്കാൻ ആവശ്യപ്പെട്ടു. അതിനിടെയാണ് ഇയാൾ മുസമ്മലിനോടു കയർത്തത്. നിനക്ക് മാറാൻ ബുദ്ധിമുട്ടുണ്ടോടാ, ഗുണ്ട കൊട്ടിയം ഷിജുവിനെ അറിയില്ലേ എന്നും ചോദിച്ചായിരുന്നു മർദ്ദനം.കഴുത്തിൽ കുത്തിപ്പിടിച്ച് ബസിനോടു ചേർത്തു ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. ഷിജുവിന്റെ സുഹൃത്തായ ഷിബുവും മുസമ്മലിനെ മർദ്ദിച്ചിരുന്നു. ഇയാളെ നേരത്തെ പൊലീസ് പിടികൂടി.

സംഭവത്തിൽ മുസമ്മലിന്റെ കർണപുടം തകരുകയും ആന്തരിക രക്തസ്രാവം ഉണ്ടായി തലച്ചോറിനു മാരകമായ പരിക്കേൽക്കുകയും ചെയ്തു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും മുസമ്മൽ ചികിത്സ തേടി.

പൊലീസ് കേസെടുത്തതിനു പിന്നാലെ പ്രതികൾ ഒളിവിൽ പോയി. ഷിബു ആദ്യം പിടിയിലായി. ഒരു മാസത്തോളമായി ഒളിവിൽ കഴിഞ്ഞ ഷിജുവിനെ കഴിഞ്ഞ ദിവസമാണ് കൊട്ടിയത്തു നിന്നു അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി അടിപിടി കേസിൽ പ്രതിയാണെന്നു പൊലീസ് വ്യക്തമാക്കി. കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here