ചെന്നൈ താംബരം-കൊച്ചുവേളി സ്പെഷ്യൽ സർവീസ് നാളെ ആരംഭിക്കും

0

പുനലൂർ: ചെന്നൈ താംബരം-കൊച്ചുവേളി അവധിക്കാല സ്പെഷ്യൽ തീവണ്ടി നാളെ മുതൽ സർവീസ് തുടങ്ങും. താംബരത്ത് നിന്നും കൊച്ചുവേളിയിലേക്കാണ് ആദ്യ സർവീസ്. രാത്രി 9.40ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച്ച ഉച്ചക്ക് 1.40നാണ് കൊച്ചുവേളിയിൽ എത്തുക. ജൂൺ 29 വരെ ആഴ്ചയിൽ രണ്ടുദിവസമാണ് സ്പെഷ്യൽ ട്രെയിൻ കൊല്ലം-പുനലൂർ-ചെങ്കോട്ട പാതയിലൂടെ സർവീസ് നടത്തുക. ചെങ്കോട്ട പാത ബ്രോഡ്‌ഗേജായശേഷം തിരുവനന്തപുരത്തുനിന്നു ചെന്നൈക്കുള്ള ആദ്യ സർവീസാണിത്.

വ്യാഴം, ശനി ദിവസങ്ങളിൽ താംബരത്തുനിന്നു കൊച്ചുവേളിക്കും വെള്ളി, ഞായർ ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്നു താംബരത്തേക്കുമാണ് സർവീസ്. കൊച്ചുവേളിക്കുള്ള സർവീസ് രാത്രി 9.40-ന് താംബരത്തുനിന്നു പുറപ്പെടും. പിറ്റേദിവസം ഉച്ചയ്ക്ക് 1.40-ന് കൊച്ചുവേളിയിലെത്തും. താംബരത്തിനുള്ള സർവീസ് ഉച്ചയ്ക്ക് 3.35-ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടും. പിറ്റേദിവസം രാവിലെ 7.35-ന് താംബരത്തെത്തും. കൊച്ചുവേളിയിൽനിന്ന്‌ 1,335 രൂപയും കൊല്ലത്തുനിന്ന്‌ 1,275 രൂപയും കൊട്ടാരക്കരയിൽനിന്ന്‌ 1250 രൂപയും പുനലൂരിൽനിന്ന്‌ 1,220 രൂപയുമാണ് താംബരത്തേക്കുള്ള ടിക്കറ്റ് നിരക്ക്.

തീവണ്ടിയെത്തുന്ന പ്രധാന സ്റ്റേഷനുകളും സമയവും (താംബരം-കൊച്ചുവേളി ട്രെയിൻ നമ്പർ: 06035): ചെങ്കൽപ്പേട്ട്-രാത്രി 10.08. വില്ലുപുരം-11.40. തിരുച്ചിറപ്പള്ളി-പുലർച്ചെ 2.20. മധുര-4.45. ശിവകാശി-6.08. രാജപാളയം-6.35. തെങ്കാശി-8.15. ചെങ്കോട്ട-8.40. തെന്മല-10.05. പുനലൂർ-11.10. ആവണീശ്വരം-11.29. കൊട്ടാരക്കര-11.43. കുണ്ടറ-11.58. കൊല്ലം-12.20. കൊച്ചുവേളി-1.40.

(കൊച്ചുവേളി-താംബരം ട്രെയിൻ നമ്പർ- 06036): കൊല്ലം-വൈകീട്ട് 4.40. കുണ്ടറ-4.58. കൊട്ടാരക്കര-5.12 ആവണീശ്വരം-5.24 പുനലൂർ-5.40. തെന്മല-6.25. ചെങ്കോട്ട-രാത്രി 7.55. തെങ്കാശി-8.23. രാജപാളയം-9.28. ശിവകാശി-9.55. മധുര-11.15. തിരുച്ചിറപ്പള്ളി-പുലർച്ചെ 1.45. വില്ലുപുരം-4.48. ചെങ്കൽപ്പേട്ട്-6.23.

ആകെയുള്ള 16 കോച്ചുകളിൽ 14 കോച്ചുകൾ തേർഡ് എ.സി. ഇക്കണോമിയാണ്. കൂടുതൽ സൗകര്യങ്ങളും സുരക്ഷിതത്വവുമുള്ള ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി.) കോച്ചുകളുമായാണ് തീവണ്ടി സർവീസ് നടത്തുന്നത്. കൊല്ലം-ചെങ്കോട്ട പാതയിൽ ആദ്യമായാണ് സാധാരണ സർവീസിൽ എൽ.എച്ച്.ബി.കോച്ചുകൾ ഉപയോഗിക്കുന്നത്. ഐ.ആർ.സി.ടി.സി. ടൂറിസ്റ്റ് സ്പെഷ്യൽ സർവീസിൽ ഈ കോച്ചുകൾ നേരത്തേ ഉപയോഗിച്ചിട്ടുണ്ട്.

കൊല്ലം-ചെങ്കോട്ട പാത മീറ്റർഗേജായിരുന്ന കാലത്ത് ഇതുവഴി തിരുവനന്തപുരം-ചെന്നൈ തീവണ്ടികൾ സർവീസ് നടത്തിയിരുന്നു. അരനൂറ്റാണ്ടിനുശേഷമാണ് ഈ സർവീസ് പുനരാരംഭിക്കുന്നത്. പത്തുകൊല്ലംമുമ്പ്‌ പാത ബ്രോഡ്‌ഗേജായതുമുതൽ കൊല്ലത്തുനിന്നു ചെങ്കോട്ട പാതവഴി ചെന്നൈക്ക്‌ പ്രതിദിന എക്സ്‌പ്രസ് സർവീസ് നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here