‘മഷി പുരട്ടിയ കൈയുമായി പരീക്ഷാ ഹാളില്‍ കയറ്റില്ല’, വ്യാജ പ്രചരണത്തില്‍ വിശദീകരണവുമായി എന്‍ടിഎ

0

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്നത് പരീക്ഷ എഴുതുന്നതിനുള്ള വിദ്യാര്‍ഥിയുടെ യോഗ്യതയെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. വോട്ട് ചെയ്യാന്‍ പോകുന്നത് പരീക്ഷ എഴുതുന്നതിനെ ബാധിക്കും എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാജ പ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വിശദീകരണം.നീറ്റ്, ജെഇഇ മെയ്ന്‍ അടക്കം രാജ്യത്തെ പ്രധാനപ്പെട്ട നിരവധി പ്രവേശന പരീക്ഷകള്‍ നടത്തുന്നത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു എന്ന കാരണത്താല്‍ പരീക്ഷാഹാളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഒരു വിദ്യാര്‍ഥിയെയും തടയില്ല. വോട്ട് ചെയ്തു എന്നതിനുള്ള തെളിവായ മഷി പുരട്ടിയ കൈയുമായി പരീക്ഷ എഴുതാന്‍ അനുവദിക്കില്ല എന്ന തരത്തിലാണ് വ്യാജ പ്രചരണം. ഈ പശ്ചാത്തലത്തിലാണ് വോട്ട് ചെയ്തത് പരീക്ഷ എഴുതുന്നതിനുള്ള വിദ്യാര്‍ഥിയുടെ യോഗ്യതയെ ഒരുവിധത്തിലും ബാധിക്കില്ലെന്ന വിശദീകരണവുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി രംഗത്തുവന്നത്.വോട്ട് ചെയ്തു എന്ന കാരണം പറഞ്ഞ് പരീക്ഷ എഴുതിക്കില്ല എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണ്. ഇത്തരത്തില്‍ ഒരു നോട്ടീസും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടിട്ടില്ല. ഇത്തരത്തിലുള്ള ഊഹാപോഹങ്ങളില്‍ വിദ്യാര്‍ഥികള്‍ വീഴരുത്. വിദ്യാര്‍ഥികള്‍ അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കണം. കൂടാതെ ഇത്തരം വ്യാജ സന്ദേശങ്ങൡ വീഴാതെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും എന്‍ടിഎയുടെ വാര്‍ത്താക്കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു.

ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 29 വയസില്‍ താഴെയുള്ള 19.74 കോടി വോട്ടര്‍മാരാണുള്ളത്. ഇതിന് പുറമേ ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്ന 18 വയസ്സിനും 19നും ഇടയില്‍ പ്രായമുള്ള 1.85 കോടി വോട്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here