‘മാപ്പ്’ എവിടെ, മൈക്രോസ്‌കോപ്പ് വെച്ചു നോക്കണോ? പതഞ്ജലിയോട് സുപ്രീംകോടതി

0

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന്റെ പേരില്‍ പത്രങ്ങളില്‍ പതഞ്ജലി പ്രസിദ്ധീകരിച്ച മാപ്പപേക്ഷ മൈക്രോസ്‌കോപ്പ് വച്ചു നോക്കേണ്ടി വരുമോയെന്നു സുപ്രീം കോടതി. പതഞ്ജലി ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്ന വലിപ്പത്തിലാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്നും കോടതി ചോദിച്ചു. ജഡ്ജിമാരായ ഹിമ കോഹ്ലി, എ അമാനുള്ള എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി കോടതി 30 ലേക്കു മാറ്റി. പതഞ്ജലിയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും ബാബ രാംദേവും കോടതിയില്‍ ഹാജരായിരുന്നു.

പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ പകര്‍പ്പുകള്‍ ഹാജരാക്കാത്തതിന് കോടതി പതഞ്ജലിയുടെ അഭിഭാഷകനെ ശാസിച്ചു. അടുത്ത തവണ ഇവയെല്ലാം ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. എന്തു വലിപ്പത്തിലാണു മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നു തങ്ങള്‍ക്കു കാണണം. മാപ്പ് പ്രസിദ്ധീകരിച്ചത് മൈക്രോ സ്‌കോപ്പ് വച്ചു നോക്കി കണ്ടു പിടിക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.

നിങ്ങള്‍ പത്രങ്ങളില്‍ സാധാരണ നല്‍കാറുള്ള ഫുള്‍ പേജ് പരസ്യങ്ങളുടെ അത്രയ്ക്കുണ്ടായിരുന്നോ മാപ്പപേക്ഷ എന്നായിരുന്നു ജസ്റ്റിസ് ഹിമ കോഹ്ലി ചോദിച്ചു. പത്രങ്ങളില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചെന്നും പത്രസമ്മേളനം നടത്തിയെന്നും പതഞ്ജലിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു.

67 പത്രങ്ങളില്‍ മാപ്പപേക്ഷ പരസ്യമായി നല്‍കി. ഇതിനു ലക്ഷക്കണക്കിനു രൂപ ചെലവായെന്നും റോത്തഗി പറഞ്ഞു. നിങ്ങള്‍ സാധാരണ നല്‍കാറുള്ള പരസ്യങ്ങളുടെ അത്രയും പണം മാപ്പപേക്ഷയ്ക്ക് ചെലവായോ എന്നും ജഡ്ജി ചോദിച്ചു.തെറ്റിദ്ധാരണാജനകമായ പരസ്യങ്ങള്‍ക്കെതിരെ നിയമം പ്രയോഗിക്കാത്തതില്‍ കേന്ദ്ര ആയുഷ് മന്ത്രാലയത്തെയും കോടതി വാദത്തിനിടെ വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here