സെന്‍സെക്‌സ് 75,000 പിന്നിട്ടു, നാഴികക്കല്ലില്‍ സന്തോഷിക്കാന്‍ വരട്ടെ!; വരുംദിവസങ്ങളിലെ നാലു റിസ്‌ക് ഫാക്ടറുകള്‍

0

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 75,000 പോയിന്റിന് മുകളിലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 22,750 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് കുതിക്കുകയാണ്.

ഇന്നലെ വ്യാപാരത്തിനിടെ 75,000 പോയിന്റ് കടന്നെങ്കിലും വ്യാപാരത്തിന്റെ അവസാന നിമിഷങ്ങളില്‍ കാലിടറി 75,000 പോയിന്റില്‍ താഴെയാണ് വ്യാപാരം അവസാനിച്ചത്. 75,000 പോയിന്റ് മറികടന്ന് വ്യാപാരം അവസാനിപ്പിക്കാനുള്ള ഭാഗ്യം ഇന്നാണ് യാഥാര്‍ഥ്യമായത്. സെന്‍സെക്‌സ് പുതിയ നാഴികക്കല്ല് പിന്നിട്ടത്തിന്റെ സന്തോഷത്തിലാണ് നിക്ഷേപകര്‍. എന്നാല്‍ വരുംദിവസങ്ങളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

1. കമ്പനികളുടെ നാലാം പാദ ഫലങ്ങള്‍ പുറത്തുവരുന്ന സമയമാണിത്. പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കമ്പനികള്‍ക്ക് സാധിച്ചില്ലെങ്കില്‍ അത് ഓഹരി വിലയില്‍ പ്രതിഫലിക്കുമെന്ന്് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് കമ്പനികളുടെ നാലാം പാദ ഫലങ്ങള്‍ സൂക്ഷ്്മമായി വിലയിരുത്തി വേണം ഓരോ ചുവടും വെയ്‌ക്കേണ്ടതെന്നും വിപണി വിദഗ്ധര്‍ നിര്‍ദേശിച്ചു.

2. ഈ വര്‍ഷവും സാധാരണ മണ്‍സൂണ്‍ ആണ് പ്രവചിക്കുന്നത്. ഗ്രാമീണ ഇന്ത്യ കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. മെച്ചപ്പെട്ട കൃഷി ലഭിച്ചാല്‍ അത് സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിക്കും. എന്നാല്‍ മഴയില്‍ കുറവ് സംഭവിച്ചാല്‍ അത് കൊയ്ത്തിനെ ബാധിക്കും. ഭക്ഷ്യോല്‍പ്പാദനം കുറഞ്ഞാല്‍ ലഭ്യത കുറയും. ഇത് പണപ്പെരുപ്പത്തിന് കാരണമാകാമെന്നും വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പണപ്പെരുപ്പനിരക്ക് ഉയര്‍ന്നാല്‍ ആര്‍ബിഐയുടെ ഇടപെടലിന് വഴിവെയ്ക്കും. ഇത് സാമ്പത്തിക രംഗത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്നും വിപണി വിദഗ്ധര്‍ ആശങ്കപ്പെടുന്നു. കാര്‍ഷികോല്‍പ്പാദനം കുറഞ്ഞാല്‍ ഗ്രാമീണ ഇന്ത്യയുടെ ഉപഭോഗത്തെയും ബാധിക്കും. ഉപഭോഗ വളര്‍ച്ച താഴുന്നതും സമ്പദ് വ്യവസ്ഥയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

3. കമോഡിറ്റി വില ഉയരുന്നതാണ് മറ്റൊരു ഭീഷണി. ലോഹങ്ങളുടെയും അസംസ്‌കൃത എണ്ണയുടെയും വില ഉയരുന്നത് വിപണിയെ ബാധിച്ചേക്കാം. അമേരിക്ക പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നത് വീണ്ടും നീട്ടുന്ന സാഹചര്യവും പൊതുതെരഞ്ഞെടുപ്പും വരും ദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കാം.

4.യുക്രൈന്‍- റഷ്യന്‍ യുദ്ധം, ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം അടക്കമുള്ള ഭൗമരാഷ്ട്രീയ പ്രതിസന്ധികളും വിപണിയ്ക്ക് മുന്നിലെ വെല്ലുവിളികള്‍ ആണെന്നും വിപണി വിദഗ്ധര്‍ ആശങ്കപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here