ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, മകന് താല്‍ക്കാലിക ജോലി; ഒറ്റയാനെ വെടിവെച്ചു കൊല്ലാന്‍ ശുപാര്‍ശ

0

പത്തനംതിട്ട: പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ഇന്നു തന്നെ നല്‍കും. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് ജോലി സ്ഥിരമാക്കും.

ബിജുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഡെപ്യൂട്ടി റേഞ്ചര്‍ കമലാസനനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കും. ഓട്ടോ ഡ്രൈവറായ ബിജുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ ഒറ്റയാനെ വെടിവെച്ചു കൊല്ലാനും കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.ഡെപ്യൂട്ടി റേഞ്ചറെ സസ്‌പെന്‍ഡ് ചെയ്യണണെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ബിജുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കണമല ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ആന്റോ ആന്റണി എംപി ഫോറസ്റ്റ് സ്‌റ്റേഷനു മുന്നില്‍ സമരം തുടങ്ങിയതിന് പിന്നാലെയാണ് ജനകീയ പ്രതിഷേധം സ്‌റ്റേഷനിലേക്കെത്തിയത്.

പ്രതിഷേധക്കാരും പൊലീസും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. യോഗതീരുമാനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ടത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ ബിജുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. വീടിന്റെ മുറ്റത്തെ കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ആനയെ ഓടിക്കാന്‍ ബിജു ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here