വളർത്തു നായയെ എറിഞ്ഞത് ചോദ്യം ചെയ്തതിന് ക്രൂരമർദ്ദനം; ചികിത്സയിലായിരുന്ന ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു

0

കൊച്ചി: വളർത്തു നായയെ എറിഞ്ഞത് ചോദ്യം ചെയ്തതിന് നാലംഗ സംഘത്തിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു. മുല്ലശ്ശേരി കനാല്‍ റോഡില്‍ തോട്ടുങ്കല്‍പറമ്പില്‍ വിനോദ് (45) ആണ് മരിച്ചത്. മര്‍ദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വീട്ടിലെ വളര്‍ത്തുനായയെ എറിഞ്ഞത് ചോദ്യംചെയ്തതാണ് അക്രമത്തിന് കാരണമായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബറൂത്ത് സ്വദേശി അശ്വിനി ഗോള്‍ക്കര്‍ (27), ഗാസിയാബാദ് സ്വദേശി കുശാല്‍ ഗുപ്ത (27), രാജസ്ഥാന്‍ ഗംഗാനഗര്‍ സ്വദേശി ഉത്കര്‍ഷ് (25), ഹരിയാണ സോനീപത് സ്വദേശി ദീപക് (26) എന്നിവരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തപാല്‍ വകുപ്പിലെ ജീവനക്കാരാണ് ഇവര്‍ നാലുപേരുമെന്ന് പൊലീസ് അറിയിച്ചു.മാര്‍ച്ച് 25-ന് രാത്രി പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുല്ലശ്ശേരി കനാല്‍ റോഡിലുള്ള വിനോദിന്റെ വീട്ടിലെ നായ ഗേറ്റിനകത്തുനിന്ന് കുരച്ചത് അതുവഴി നടന്നുപോയ പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. പ്രതികളിലൊരാള്‍ ചെരുപ്പ് കൊണ്ട് നായയെ എറിഞ്ഞു. ഇതു ചോദ്യംചെയ്ത വിനോദുമായി വാക്കേറ്റമുണ്ടായി. രണ്ടുപേര്‍ ചേര്‍ന്ന് വിനോദിനെ അടിക്കുകയും വയറ്റില്‍ ഇടിക്കുകയും ചെയ്തു.

അശ്വിനി ഗോള്‍ക്കര്‍ പിറകിലൂടെ വിനോദിന്റെ കഴുത്തിനു പിടിച്ച് വലതുകൈത്തണ്ട കൊണ്ട് കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു. വിനോദ് വീണിട്ടും കഴുത്തില്‍ നിന്ന് പിടിവിട്ടില്ല. പുറത്ത് കയറിയിരുന്ന് വലതു കൈത്തണ്ട കൊണ്ട് കഴുത്തില്‍ അമര്‍ത്തി വലിച്ചു മുറുക്കി. ബഹളം കേട്ട് ഓടിക്കൂടിയവരാണ് പ്രതികളിൽ നിന്നും വിനോദിനെ മോചിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനോദ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here