പഠനം ക്ലാസ് മുറികള്‍ക്ക് അകത്തുമാത്രമല്ല; സ്‌കൂളുകളില്‍ കളിസ്ഥലം നിര്‍ബന്ധം; അല്ലാത്തവ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

0

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധമെന്ന് ഹൈക്കോടതി. കളി സ്ഥലമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ അടച്ചുപൂട്ടുന്നത് ഉള്‍പ്പടെയുളള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. പഠനം ക്ലാസ് മുറികള്‍ക്കകത്ത് മാത്രമായി പരിമിതപ്പെടുത്താനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ചട്ടപ്രകാരമുള്ള കളിസ്ഥലങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നാലുമാസത്തിനകം മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണണ്‍ ഉത്തരവിട്ടു.

സിബിഎസ്ഇ, സിഐഎസ്ഇ സ്‌കൂളുകളുടെ ചട്ടങ്ങളില്‍ സ്‌കൂളുകളില്‍ കളിസ്ഥലത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. കേരള വിദ്യാഭ്യാസ നിയമങ്ങളിലും ചട്ടങ്ങളില്‍ ഇതുണ്ടായിരുന്നില്ലെന്നും സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു.സംസ്ഥാനത്തെ നിരവധി സ്‌കൂളുകള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്ഥാപിതമായതാണെന്നും അതിനാല്‍ തന്നെ കെട്ടിടനിര്‍മാണങ്ങള്‍ ഉള്‍പ്പടെ വിവിധ കാരണങ്ങളാല്‍ മതിയായ കളിസ്ഥലങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാന ചട്ടങ്ങളില്‍ ഇത്തരമൊരു കാര്യം ഇല്ലാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും, എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റും ഇത് മുതലെടുക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ആവശ്യമായ കളിസ്ഥലം സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു.

കളിസ്ഥലങ്ങള്‍ കുട്ടികളുടെ പഠനാന്തരീക്ഷത്തില്‍ അഭിവാജ്യഘടകമാണ്. അത് കുട്ടികള്‍ക്ക് സന്തോഷം നല്‍കുന്നതിനൊപ്പം കുട്ടികളുട ശാരീരികവും മാനസികവുമായി കഴിവുകള്‍ വികസിപ്പിക്കുന്നുവെന്ന് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കുട്ടികളുടെ വിദ്യാഭ്യാസം ക്ലാസ് മുറിക്കകത്തായി പരിമിതപ്പെടുത്താതെ സ്‌പോര്‍ട്‌സുകളും ഗെയിമുകളും പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here