മികച്ച പോളിങ്; മണിപ്പൂരിലും ബംഗാളിലും സംഘര്‍ഷം; വോട്ടിങ് യന്ത്രങ്ങള്‍ തകര്‍ത്തു

0

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ താരതമ്യേന മികച്ച പോളിങ്. ആദ്യ നാലു മണിക്കൂറില്‍ 24 ശതമാനത്തോളം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ 11 മണി വരെ 23.87 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. പശ്ചിമബംഗാളിലാണ് കൂടുതല്‍ മികച്ച പോളിങ്. 32 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിലും മണിപ്പൂരിലും അക്രമങ്ങള്‍ അരങ്ങേറി. ബംഗാളില്‍ കൂച്ച്‌ബെഹാര്‍, അലിപൂര്‍ദാര്‍, ജയ്പാല്‍ഗുഡി മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. കൂച്ച് ബെഹാര്‍ ജില്ലയിലെ സിതാല്‍കുച്ചിയില്‍ ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ടിഎംസി പ്രവര്‍ത്തകരുടെ കല്ലേറില്‍ പാര്‍ട്ടി ബൂത്ത് പ്രസിഡന്റിന് പരിക്കേറ്റതായി ബിജെപി ആരോപിച്ചു.ആയുധങ്ങളുമായെത്തിയ ബിജെപി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തൂഫാൻഗ‌ഞ്ചിലെ ടിഎംസി ഓഫീസ് ബിജെപി പ്രവർത്തകർ കത്തിച്ചുവെന്നും തൃണമൂല്‍ ആരോപിച്ചു. ബംഗാളിലെ ദിൻഹാട്ടയില്‍ ബിജെപി പ്രദേശിക നേതാവിന്റെ ബോംബേറുണ്ടായി. ദാബ്ഗ്രാമില്‍ ബിജെപി ബൂത്ത് ഓഫീസ് അടിച്ചുതകർത്തതായും പരാതിയുണ്ട്. വോട്ടർമാര്‍ ബൂത്തിലെത്താതിരിക്കാൻ തൃണമൂല്‍ കല്ലെറിഞ്ഞും സംഘർഷം ഉണ്ടാക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.

മണിപ്പൂരില്‍ വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായി. തമൻപോക്പിയിൽ ആയുധധാരികളായ സംഘം പോളിങ്ബൂത്തില്‍ അതിക്രമിച്ച് കയറി വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകർത്തു. ബൂത്ത് പിടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനായി പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ഒരു സംഘം ഖോങ്മാന്നിലെ സോണ്‍ 4 ലെ പോളിങ് സ്റ്റേഷനില്‍ കയറിയും വോട്ടിംഗ് യന്ത്രങ്ങള്‍ തകർത്തു. മണിപ്പൂരിൽ ആദ്യമണിക്കൂറുകളിൽ 27.74 ശതമാനം പേർ വോട്ടു ചെയ്തതായാണ് കണക്കുകൾ.

21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ജനങ്ങൾ സമ്മതിദാനം രേഖപ്പെടുത്തുന്നത്. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും വോട്ടെടുപ്പു പുരോഗമിക്കുകയാണ്. എട്ടു കേന്ദ്രമന്ത്രിമാർ, രണ്ട്‌ മുൻ മുഖ്യമന്ത്രിമാർ, ഒരു മുൻ ഗവർണർ എന്നിവരടക്കം 1625 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here