വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന; സംവിധാനം തരുൺ മൂർത്തി

0

നീണ്ട 15 വർഷങ്ങൾക്ക് ശേഷം നടൻ മോഹൻലാലും നടി ശോഭനയും വീണ്ടും സ്ക്രീനില്‍ ഒന്നിക്കുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ360(താത്കാലിക പേര്) എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും നായികനായകനായി എത്തുന്നത്.

നടി ശോഭനയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ കുറിച്ച് പറഞ്ഞത്. നാല് വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചു വരുന്നതെന്നും പുതിയ ചിത്രത്തിനായി സൂപ്പർ എക്‌സൈറ്റഡ് ആണെന്നും ശോഭന പറഞ്ഞു. താനും മോഹൻലാലും ഒന്നിക്കുന്ന 56-ാമത്തെ ചിത്രമാണിതെന്നും താരം വ്യക്തമാക്കി.2020ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ശോഭന ഏറ്റവും അവസാനമായി ചെയ്ത മലയാള സിനിമ. 2009ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലാണ് മോഹൻലാലിനൊപ്പം താരം അവസാനമായി സ്ക്രീനിൽ എത്തിയത്.

കെആർ സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും രചിക്കുന്നത്. പത്തനംതിട്ട റാന്നി തൊടുപുഴ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം. ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറായാണ് മോഹൻലാൽ എത്തുന്നതെന്നാണ് സൂചന. ഏപ്രിൽ മൂന്നാം വാരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here