അനില്‍ ആന്റണി 25 ലക്ഷം കൈപ്പറ്റി, ചിത്രങ്ങളും രേഖകളുമായി ദല്ലാള്‍ നന്ദകുമാര്‍; ശോഭ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയെന്നും ആരോപണം

0

ന്യൂഡല്‍ഹി: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കു കൈക്കൂലി നൽകിയതിന്റേതെന്ന് അവകാശപ്പെട്ട് ചിത്രങ്ങളും രേഖകളും പുറത്തു വിട്ട് ദല്ലാള്‍ നന്ദകുമാര്‍. സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിന് അനില്‍ ആന്റണി 25 ലക്ഷം രൂപ കൈപ്പറ്റി. സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഇന്റര്‍വ്യൂ കോള്‍ ലെറ്റര്‍ പകര്‍പ്പ് കൈവശമുണ്ട്. നിയമനം നടപ്പാതെയായപ്പോള്‍ അഞ്ചു തവണയായി പണം തിരികെ നല്‍കിയെന്ന് നന്ദകുമാര്‍ പറഞ്ഞു.

അനില്‍ ആന്റണിയെ ഈ വേലത്തരങ്ങളെല്ലാം പഠിപ്പിച്ചത് ആന്‍ഡ്രൂസ് ആന്റണിയാണ്. ആന്‍ഡ്രൂസ് ആന്റണി അനില്‍ ആന്റണിയുടെ അടുപ്പക്കാരനാണ്. ആന്‍ഡ്രൂസ് ആണ് വിശ്വാസത്തിനു വേണ്ടി കാര്‍ഡ് തന്നത്. ഇവര്‍ ഇപ്പോള്‍ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാണ്. മോദിയും ആന്‍ഡ്രൂസും അനില്‍ ആന്റണിയും തമ്മിലുള്ള ഫോട്ടോ ഉണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു.ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാലും, എന്‍ഡിഎ അധികാരത്തില്‍ വന്നാലും താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷണ വിധേയമാകും. കാട്ടുകള്ളന്‍ എന്നും വിഗ്രഹ മോഷ്ടാവ് എന്നു വിളിച്ചതിനുമെതിരെ നിയമനടപടി സ്വീകരിക്കും. പണം കൊടുത്ത താനും വാങ്ങിയ അദ്ദേഹവും നിയമത്തിന് മുന്നില്‍ തെറ്റുകാരാണ്. രണ്ടുപേര്‍ക്കും അതിന് ബാധ്യതയുണ്ട്. താന്‍ അത് പ്രൂവ് ചെയ്യും.

ബിജെപിയുടെ തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രന്‍ 10 ലക്ഷം രൂപ വാങ്ങിയിരുന്നതായി നന്ദകുമാര്‍ ആവര്‍ത്തിച്ചു. ബാങ്ക് രസീതിന്റെ പകര്‍പ്പും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. 04-01-2023നാണ് പണം വാങ്ങിയതെന്നും നന്ദകുമാര്‍ പറഞ്ഞു. ചെക്ക് വഴി എസ്ബിഐയുടെ പാര്‍ലമെന്റ് സ്ട്രീറ്റ് ബ്രാഞ്ചില്‍ നിന്നാണ് പണം അയച്ചു കൊടുത്തത്. അവരുടെ തൃശൂരിലുള്ള സ്ഥലം വാങ്ങുന്നതിനായി, അഡ്വാന്‍സ് എന്ന നിലയിലാണ് പണം അയച്ചു നല്‍കിയതെന്നും നന്ദകുമാര്‍ പറഞ്ഞു.

സ്ഥലത്തിന്റെ ആധാരം ഉള്‍പ്പെടെയുള്ള ഡോക്യുമെന്റ്‌സ് അയച്ചു തന്നപ്പോഴാണ് പണം നല്‍കിയത്. എന്നാല്‍ സ്ഥലം കാണാന്‍ ചെന്നപ്പോള്‍ മറ്റു രണ്ടുപേരില്‍ നിന്നും ഇതേ ഭൂമി നല്‍കാമെന്ന് കാണിച്ച് നീക്കുപോക്ക് നടത്തിയതായി മനസ്സിലായി. അന്നു തൊട്ട് പല തവണ പണം തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ നിമിഷം വരെ പണം മടക്കി നല്‍കിയിട്ടില്ലെന്ന് ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here