കെജരിവാളിന് ജയിലില്‍ ഒറ്റയ്‌ക്കൊരു മുറി; കിടക്കയും മേശയും കസേരയും; വായിക്കാന്‍ പുസ്തകങ്ങള്‍

0

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കിടക്കാന്‍ സ്വന്തം കിടക്ക നല്‍കി ജയില്‍ അധികൃതര്‍. അതീവ സുരക്ഷയുള്ള ജയിലിലെ രണ്ടാം നമ്പര്‍ മുറി ഒറ്റയ്ക്ക് കിടക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വായിക്കാന്‍ മൂന്ന് പുസ്തകങ്ങളും ഒരൂ മേശയും ഒരുകസേരയും നല്‍കിയിട്ടുണ്ട്. കിടക്കാനുള്ള സ്ഥലം ഏറെ ഇടുങ്ങിയതായിരുന്നെങ്കിലും അതിലൊന്നും അദ്ദേഹത്തിന് ഒരുതരത്തിലുമുള്ള പരാതിയും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.

പ്രമേഹരോഗിയായതിനാല്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യാനുള്ള ഉപകരണങ്ങളും അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഉണ്ടായിരുന്നതായും ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിരാവിലെ എഴുന്നേറ്റ അദ്ദേഹം ജയിലില്‍ നിന്ന് ചായയും പ്രഭാതഭക്ഷണവും കഴിച്ചതായും അധികൃതര്‍ പറഞ്ഞു. വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാനും നിര്‍ദേശിച്ച മരുന്നുകള്‍ കൊണ്ടുപോകാനും കോടതി അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നു.ഏപ്രില്‍ പതിനഞ്ച് വരെ കെജരിവാള്‍ തീഹാര്‍ ജയിലില്‍ തുടരും.

രാവിലെ 6.40 ഓടെ അദ്ദേഹത്തിന് പ്രഭാത ഭക്ഷണം നല്‍കിയതായി അധികൃതര്‍ പറഞ്ഞു. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് മണിവരെ സെല്ലില്‍ അടയ്ക്കും.അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഒന്നാം നമ്പര്‍ ജയിലിലും മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ ഏഴാം നമ്പര്‍ ജയിലിലും രാജ്യസഭാ എംപി സഞ്ജയ് സിങ് അഞ്ചാം നമ്പര്‍ ജയിലിലും കഴിയുകയാണ്. കൂടാതെ ഇതേ കേസില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയും തിഹാറിലുണ്ട്. വനിതാ വിഭാഗത്തിലെ ആറാം നമ്പര്‍ ജയിലിലാണ് കവിത ഉള്ളത്.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ കെജരിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയതിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു കെജരിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.

Leave a Reply