‘ബിജെപിയില്‍ ചേര്‍ന്നോ, അല്ലെങ്കില്‍ ഇഡി അറസ്റ്റ് ചെയ്യും’; ആരോപണവുമായി അതിഷി

0

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരണമെന്നും അല്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യുമെന്നും തന്നോട് അടുപ്പമുള്ള ഒരാള്‍ പറഞ്ഞതായി എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി. തന്നെ കൂടാതെ മൂന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കളും അറസ്റ്റിലാകുമെന്നും അവര്‍ പറഞ്ഞതായി വാര്‍ത്താ സമ്മേളനത്തില്‍ അതിഷി പറഞ്ഞു.

മന്ത്രി സൗരഭ് ഭരദ്വാജ്, എംഎല്‍എ ദുര്‍ഗേഷ് പഥക്, രാജ്യസഭാ എംപി രാഘവ് ഛദ്ദ എന്നിവരാണ് തന്നെക്കൂടാതെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടേറ്റ് അറസ്റ്റിലാകുമെന്ന് പറഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇഡി തന്റെയും ബന്ധുക്കളുടെയും വസതികളില്‍ റെയ്ഡ് നടത്തുമെന്ന് തന്നോട് പറഞ്ഞതായും അതിഷി കൂട്ടിച്ചേര്‍ത്തു.ഞായറാഴ്ച രാംലീല മൈതാനത്ത് നടന്ന ഇന്ത്യാ ബ്ലോക്കിന്റെ റാലിയുടെ വിജയം ബിജെപിയെ വലച്ചിരിക്കുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ജയിലിലേക്ക് അയക്കുന്നത് എഎപിയുടെ ശിഥിലീകരണത്തിലേക്ക് നയിക്കില്ലെന്ന് മനസിലാക്കിയെന്നും അതിഷി പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളിനെ മാര്‍ച്ച് 21നാണ് ഇഡി അറസ്റ്റ് ചെയ്തത്. തങ്ങളുടെ നിയമസഭാംഗങ്ങളെ വേട്ടയാടിയും പാര്‍ട്ടിയെ തകര്‍ത്തും ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് ബിജെപിയുടെ ആഗ്രഹമെന്നാണ് എഎപിയുടെ ആരോപണം.

Leave a Reply