ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിനതടവ്; കൂറുമാറിയ ഭാര്യക്കെതിരെ നടപടി എടുക്കാൻ നിർദേശം

0

കൊല്ലം: ഭാര്യയുടെ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലത്ത് കൊറ്റങ്കര പണ്ടാരക്കുളത്തിന് സമീപം കുമ്പളത്തുവിള കിഴക്കതിൽ രാജീവിനെ(34) ആണ് കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ പ്രതിയുടെ ഭാര്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു.2018 മാർച്ചിലായിരുന്നു കേസിന് ആസ്പദമായ സംഭവം. രാജീവിന്റെ സഹോദരീ ഭർത്താവ് കൊറ്റങ്കര മഠത്തിവിള വീട്ടിൽ അജിത്തിനെ (32) ആണ് കുത്തിക്കൊലപ്പെടുത്തിയത്. ഗൾഫിൽ എൻജിനീയറായി ജോലി നോക്കുകയായിരുന്നു അജിത്. രാജീവിന് വിവാഹ വേളയിൽ കൊടുക്കാമെന്നു വാഗ്ദാനം ചെയ്തിരുന്ന 3 ലക്ഷം രൂപയ്ക്ക് സഹോദരിയുടെയും പ്രായപൂർത്തിയാകാത്ത അവരുടെ മകളുടെയും പേരിൽ വീടും സ്ഥലവും വാങ്ങി നൽകിയതാണു പ്രകോപനത്തിനു കാരണം.

നേരത്തേ നൽകിയ സ്വർണം വിറ്റു നശിപ്പിച്ചുവെന്ന പേരിലാണു പണം രാജീവിനു നൽകാതെ അജിത് സഹോദരിയുടെ പേരിൽ സ്ഥലം വാങ്ങി നൽകിയത്. ഗൾഫിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ അജിത് സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണു കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ കേസ്.

സംഭവം കണ്ട, രാജീവിന്റെ ഭാര്യയും അജിത്തിന്റെ സഹോദരിയുമായ അനുമോൾ കോടതിയിൽ മജിസ്ട്രേട്ട് മുൻപാകെ നൽകിയ മൊഴി പിന്നീട് മാറ്റിപ്പറഞ്ഞു. പ്രോസിക്യൂഷൻ ഇവരെ കൂറുമാറിയതായി പ്രഖ്യാപിക്കുകയും നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യാജത്തെളിവ് നൽകാൻ ശ്രമിച്ചതിന് അനുമോൾക്കെതിരെ പ്രത്യേക നിയമ നടപടി സ്വീകരിക്കാനും പിഴത്തുക അജിത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും നൽകാനും ഉത്തരവിൽ പറയുന്നു. ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.

കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന ഡി.പങ്കജാക്ഷൻ, ആർ.വിനോദ് ചന്ദ്രൻ, ഡി.ഷിബു കുമാർ എന്നിവർ അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷൻ സഹായിയായി ഡബ്ല്യുസിപിഒ മഞ്ജുഷ ഹാജരായി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ, ജിതിൻ രവീന്ദ്രൻ എന്നിവർ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here