ഡ്രൈഡേയില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ മദ്യവില്‍പ്പന; എക്‌സൈസിന് മുന്നില്‍ നായയെ അഴിച്ചുവിട്ടു രക്ഷപ്പെട്ട് പ്രതി

0

തൃശൂര്‍: അനധികൃത മദ്യ വില്പന നടത്തുന്നുവെന്ന പരാതിയില്‍ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തിന് നേരെ വളര്‍ത്തു നായയെ അഴിച്ചു വിട്ട് പ്രതി രക്ഷപ്പെട്ടു. കൊടുങ്ങല്ലൂര്‍ നാരായണാമംഗലം പാറക്കല്‍ വീട്ടില്‍ നിധി(38)നാണ് എക്‌സൈസ് സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

എക്‌സൈസ് സംഘത്തെ കണ്ടയുടനെ നിധിന്‍ വളര്‍ത്തു നായയെ അഴിച്ചുവിടുകയായിരുന്നു. വളര്‍ത്തു നായയുടെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് എക്‌സൈസ് സംഘം രക്ഷപ്പെട്ടത്.നായയെ സ്ഥലത്തുനിന്ന് ഓടിച്ചശേഷം പ്രതിയുടെ വീട്ടില്‍ എക്‌സൈസ് സംഘം പരിശോധന നടത്തി.ഇയാളുടെ വീട്ടില്‍ നിന്നും വില്‍പനക്ക് സൂക്ഷിച്ചിരുന്ന 52 കുപ്പി മദ്യവും, മദ്യവില്‍പനക്ക് ഉപയോഗിച്ചിരുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറും പിടികൂടി.

ഒന്നാം തീയതിയിലും മറ്റു ഡ്രൈഡേ ദിവസങ്ങളിലും അനധികൃത വില്‍പന നടത്തുകയായിരുന്നു പ്രതിയെന്നും നിധിനെതിരെ നിരന്തരം പരാതി ലഭിച്ചിരുന്നതായും ഇയാളെ മുന്‍പ് അമിതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും എക്‌സൈസ് പറഞ്ഞു. എക്‌സൈസ് കൊടുങ്ങല്ലൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം. ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്കെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here