ഡൈനമിക് ഡിവൈൻ ടെമ്പിൾ ട്രസ്റ്റിന്റെ
മഹാക്ഷേത്രസമുച്ചയം ആലുവ ചൊവ്വരയിൽ

0

ആലുവ: മഹാശിവരാത്രിയുടെ ഐതിഹ്യപ്പെരുമ പേറുന്ന ആലുവ പട്ടണത്തിൽ നിന്നും ഏറെയകലെയല്ലാതെ പെരിയാർ തീരത്തിനോടടുത്ത് സ്ഥിതി ചെയ്യുന്ന ചൊവ്വര ഗ്രാമത്തിൽ 8 ഏക്കറോളം വിസ്തൃതിയിലുള്ള സ്ഥലത്ത് ശക്തിരൂപേണ, ആദിപരാശക്തി മഹാക്ഷേത്രസമുച്ചയത്തിന്റെ പണിപൂർത്തിയായി പ്രതിഷ്ഠാമഹോത്സവത്തിനു തയ്യാറെടുക്കുന്നു. കേരളീയ വാസ്തു ശില്പചാരുതയിൽ പഞ്ചപ്രാകാരങ്ങളോടെയുള്ള ക്ഷേത്രമാണ് ചൊവ്വരയിൽ ഉയർന്നിട്ടുളളത്. തമിഴ്നാട്ടിലെ ക്ഷേത്രഗോപുരങ്ങളുടെ ശൈലി അവലംബിച്ചുകൊണ്ട് പണിതീർത്ത 3 ഗോപുരകവാടങ്ങളോടെ നാലര ഏക്കറിൽ 3 പ്രാധാന ശ്രീകോവിലുകളാണുള്ളത്. 2016-17 കാലയളവിൽ ക്ഷേത്രനിർമ്മാണ പദ്ധതിയുമായി ആലുവയിലെ ഡൈനമിക് ഡിവൈൻ ടെമ്പിൾ ട്രസ്റ്റ് മുന്നോട്ടുവരുന്നത്. മൂന്ന് പ്രധാന ശ്രീകോവിലുകളിലായി ശ്രീആദിപരാശക്തി, ശിവകുടുംബം, മഹാവിഷ്ണു എന്നിവർക്ക് പ്രതിഷ്ഠയൊരുക്കിയിരിക്കുന്നു. അതിൽത്തന്നെ വിഷ്ണുവിന്റേത് വട്ടശ്രീകോവിലാണ്. കൂടാതെ പതിനഞ്ച് ഉപമൂർത്തികളും. ഇവരിൽ മൂലഗണപതിയ്ക്കും നവഗ്രഹങ്ങൾക്കും പഞ്ചമുഖഹനുമാനും വീരഭദ്രനും കാലഭൈരവനും പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങൾ. തമിഴ്‌നാട്ടിലെ ചെങ്കോട്ടയിൽ നിന്നെത്തിച്ച പ്രത്യേക തരാം കല്ലുകൾപാകിയാണ് ഗോപുരകവാടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ശില്പികളും തമിഴ്‍നാട്ടിൽ നിന്നുള്ളവർ. പ്രധാന ശ്രീകോവിലുകൾക്ക് ധ്വജസ്തംഭങ്ങളുണ്ട്. തന്ത്രശാസ്ത്രവിധിപ്രകാരം തന്നെയാണ് പ്രതിഷ്ഠയും മറ്റുത്സവച്ചടങ്ങുകളും വരും ദിവസങ്ങളിൽ നടക്കുക. പ്രധാന ദേവതകൾക്കു കുംഭാഭിഷേകം നടത്തിക്കൊണ്ടാണ് ഉത്സവം കൊണ്ടാടുക. മാർച്ച് അവസാനവാരവും ഏപ്രിൽ ആദ്യ ആഴ്ചയിലുമായി നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ശക്തിരൂപേണ, ആദിപരാശക്തി ക്ഷേത്രം എന്നു നാമകരണം ചെയ്തിരിക്കുന്ന ക്ഷേത്രസമുച്ചയത്തിലെ ആദ്യപ്രതിഷ്ഠ നടക്കുന്നത് വിഷ്ണുവിന്റെ ശ്രീകോവിലിൽ ആണ്. മാർച്ച് 20ന് ആരംഭിച്ച് 28വരെ നീണ്ടുനിൽക്കുന്ന പ്രതിഷ്ഠാചടങ്ങുകൾക്ക് തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ. തരണനെല്ലൂർ സജി നമ്പൂതിരിപ്പാടാണ് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. പ്രഥമ ഉത്സവക്കൊടിയേറ്റം 28ന് രാവിലെ 8നും 8.30യ്ക്കും ഇടയിൽ നടക്കും. ഏപ്രിൽ 4ന് ആറാട്ടോടെയാണ് കൊടിയിറക്കം. ദേവീക്ഷേത്രസങ്കേതത്തിലെ പ്രതിഷ്ഠ മാർച്ച് 21ന് ആരംഭിച്ച് 29ന് സമാപിക്കും. തന്ത്രി ബ്രഹ്മശ്രീ ഏരൂർ കല്ലൂർ കുമാരൻ (ഉണ്ണി) നമ്പൂതിരിയാണ് കാർമ്മികത്വം വഹിക്കുന്നത്. ഇവിടെ കൊടിയേറ്റ് 29നും കൊടിയിറക്കം 30നുമാണ്. ശിവാലയത്തിലെ പ്രതിഷ്ഠ ഏപ്രിൽ 10-നാരംഭിച്ച് ഏപ്രിൽ 18ന് സമാപിയ്ക്കും. തന്ത്രി ബ്രഹ്‌മശ്രീ തീയന്നൂർ നാരായണൻ നമ്പൂതിരിയ്ക്കാണ് ഇവിടെ മ്യുഖ്യകാർമ്മികത്വം. ഉത്സവം 18ന് കൊടിയേറി 19ന് കൊടിയിറങ്ങും. വിഷ്ണുക്ഷേത്രപ്രതിഷ്ഠയോടനുബന്ധിച്ച് മാർച്ച് 28ന് വൈകിട്ട് 6.30 മുതൽ സംഗീതസേവാരത്ന പത്മകുമാറും സംഘവും അവതരിപ്പിക്കുന്ന സാമ്പ്രദായിക ഭജനസന്ധ്യയുണ്ട്. ദേവീപ്രതിഷ്ഠയോടനുബന്ധിച്ച് 26ന് വൈകിട്ട് 6.30ന് പട്ടാഭിരാമ പണ്ഡിറ്റും സംഘവും അവതരിപ്പിക്കുന്ന കർണ്ണാടകസംഗീത കച്ചേരി, 29ന് വൈകിട്ട് 6.30ന് പ്രശസ്തഭക്തിസംഗീതജ്ഞൻ ടി.എസ്. രാധാകൃഷ്ണജിയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനതരംഗിണി എന്നിവയുണ്ട്. ശിവക്ഷേത്രപ്രതിഷ്ഠയോടനുബന്ധിച്ച് കുമാരി സൂര്യഗായത്രിയും സംഘവും അവതരിപ്പിക്കുന്ന ‘സൂര്യസംഗീതം’ ഏപ്രിൽ 18ന് വൈകിട്ട് 6.30ന്. ആലുവയിൽ നിന്നും ആറര കിലോമീറ്റർ അകലെയാണ് ചൊവ്വര ഗ്രാമം. ക്ഷേത്രത്തിനു സമീപത്തുതന്നെയാണ് ചൊവ്വര റെയിൽവെ സ്റ്റേഷനും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നാഷണൽ ഹൈവേ 47-ലൂടെ അരമണിക്കൂർ യാത്രചെയ്താൽ ക്ഷേത്രത്തിൽ എത്തിച്ചേരാം. ആരോഗ്യമേഖലയിലേയ്ക്കാവശ്യമായ പലവിധ ഉത്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ അന്തർദ്ദേശീയ തലത്തിൽ പ്രശസ്തരായ ആലുവയിലെ ഡൈനമിക് ടെക്‌നോ മെഡിക്കൽസ് എന്ന വ്യവസായസംരംഭക കുടുംബത്തിന്റെ സമ്പൂർണ്ണ മേൽനോട്ടത്തിലാണ് കോടികൾ ചെലവഴിച്ചുകൊണ്ടുള്ള ഈ ക്ഷേത്രനിർമ്മാണം പൂർത്തിയായിരിക്കുന്നത്. എട്ടേക്കറോളം വരുന്ന ഭൂമിയിലാണ് ക്ഷേത്രസങ്കേതം നിലകൊള്ളുന്നത്. മലപ്പുറത്തെ തിരൂർ തുഞ്ചൻപറമ്പിനടുത്ത് പൂതേരി നായർത്തറവാട്ടിലെ അംഗമായ പി. വാസുദേവനും അദ്ദേഹത്തിന്റെ പത്നി നന്ദിനി വാസുദേവനും കുടുംബാംഗങ്ങളുമാണ് ഈ മഹാക്ഷേത്രനിർമ്മിതിയ്ക്കായി മുന്നിട്ടിറങ്ങിയവർ. നിബിഡവൃക്ഷങ്ങൾ നട്ടു പരിപാലിച്ച് എങ്ങും ഭക്തന്മാർക്കു മനസ്സിന് കുളിർമ്മയേകുന്ന പച്ചപ്പ് നിലനിർത്തിക്കൊണ്ടുള്ള ഗ്രീൻപ്രോട്ടോക്കോൾ നടപ്പിലാക്കുവാനാണ്
ഡിവൈൻ ടെമ്പിൾ ട്രസ്റ്റിന്റെ തീരുമാനം. ക്ഷേത്രത്തിലെത്തുന്നവർക്കുള്ള വിശാലമായ പാർക്കിംഗ് സംവിധാനവും ഇവിടെയുണ്ടാകും.

Leave a Reply