കൊച്ചി: പെരുമ്പാവൂരിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പും രണ്ടു തട്ടിൽ. ബൈക്കുകളുടെ മത്സരയോട്ടമാണ് അപകട കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് പറയുമ്പോൾ അശ്രദ്ധമായി ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പെരുമ്പാവൂർ പോലീസ് പറയുന്നു.
പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ പറയുന്നത് ഇങ്ങനെ: പ്രതി KL – 06 H 3555 ബസിൻ്റെ ഡ്രൈവറായി ചുമതല വഹിച്ച് അപാകമായും ഉദാസീനമായും മനുഷ്യജീവന് അപകടം വരത്തക്ക വിധം അശ്രദ്ധമായി തെക്ക് വടക്കായി കിടക്കുന്ന പെരുമ്പാവൂർ കോലഞ്ചേരി റോഡെ തെക്ക് നിന്നും വടക്കോട്ട് ഓടിച്ചു വന്ന് 22-03-2024 തീയതി പകൽ 1.30 മണിക്ക് ടി റോഡെ വടക്കു നിന്നും തെക്കോട്ട് ആവലാതികാരൻ്റെ ജേഷ്ഠൻ്റെ മകൻ വേങ്ങൂർ വില്ലേജ് കൈപ്പിള്ളി കരയിൽ തൂങ്ങാലി ഭാഗത്ത് പുതുശേരി വീട്ടിൽ ഷാജി മകൻ 20 വയസുള്ള അമൽ ഷാജി ഓടിച്ചു വന്ന KL 40 S 7335 നമ്പർ ബൈക്കിൽ ഇടിച്ച് അമൽ ഷാജി റോഡിൽ തെറിച്ചുവീണതിൽ ഏറ്റ പരിക്കിൻ്റെ കാഠിന്യത്താൽ മരണപ്പെട്ടു പോകാൻ ഇടയായ കാര്യം.
ഇനി മോട്ടോർ വാഹന വകുപ്പ് ഇറക്കിയ ബോധവൽക്കരണ വീഡിയോയിൽ പറയുന്നത് ഇങ്ങനെ: അമിതവേഗവും അശ്രദ്ധമായി ബൈക്ക് ഓടിച്ചതാണ് അപകട കാരണം എന്നു പറയുന്നു. ഇടിയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചു പോയെന്നും കൃത്യമായി ഹെൽമെറ്റ് സ്ട്രാപ്പ് ധരിച്ചിരുന്നില്ലെന്നും പറയുന്നു.
അതേ സമയം മത്സരയോട്ടം നടത്തിയ ബൈക്കുകൾക്കെതിരെ കർശന നടപടി എടുക്കാനാണ് മോട്ടോർവാഹന വകുപ്പിൻ്റെ തീരുമാനം. മൂന്നു ബൈക്കുകളാണ് കിലോമീറ്ററുകളോളം മത്സരയോട്ടം നടത്തിയത്. ഇതിൽ ആഡംബര ബൈക്ക് ആയ ഡ്യൂക്ക് ആണ് അപകടത്തിൽപ്പെട്ടത്. വേങ്ങൂർ സ്വദേശി അമൽ ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. മറ്റുബൈക്കുകളുടെ വിവരങ്ങൾ അറിയാൻ മോട്ടോർ വാഹന വകുപ്പ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വാഹനത്തിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ ലഭിച്ചില്ല. വാഹനത്തിന്റെ അമിതവേഗം കാരണം നമ്പർ വ്യക്തമായി കാണാൻ സാധിക്കാത്തതാണ് പ്രതിസന്ധിയായത്. ഇന്നും പരിശോധന തുടരാനാണ് തീരുമാനം. അപകടം നടന്ന റോഡിനടുത്തുള്ള രണ്ടു വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് ശേഖരിക്കും. മത്സരയോട്ടം നടത്തിയ ബൈക്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
പട്ടിമറ്റം റോഡിൽ അല്ലപ്ര മാർബിൾ ജംഗ്ഷനിലായിരുന്നു അപകടം. അമലും സുഹൃത്തുക്കളും ചേർന്ന് ബെക്കുകളിൽ മത്സരയോട്ടം നടത്തുകയായിരുന്നു. ഇതിനിടെ നിയന്ത്രണംവിട്ട് എതിർദിശയിൽ എത്തിയ ബസിനടിയിലേക്ക് അമലിന്റെ ബെെക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിനടിയിൽപ്പെട്ട അമലിനെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അപകടത്തിൽ ബസിൻറെ റേഡിയേറ്റർ വരെ തകർന്നുപോയിരുന്നു. പട്ടിമറ്റം ഭാഗത്ത് നിന്നും പെരുമ്പാവൂരിലേക്ക് വരികയായിരുന്നു ബസ്. ബസിന്റെ സിസിടിവിയിൽ പതിഞ്ഞ അപകട ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.