ആണ്‍ കുഞ്ഞ് ജനിക്കാന്‍ കുറിപ്പ്; ശരിയെങ്കില്‍ ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി; ‘സ്ത്രീയുടെ ശരീരത്തിന്റെ അവകാശി അവള്‍ മാത്രം’

0

കൊച്ചി: നല്ല ആണ്‍കുഞ്ഞുണ്ടാകാന്‍ ഏത് രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടതെന്ന കുറിപ്പ് കൈമാറിയ ഭര്‍ത്താവ്, ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതി നല്‍കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇത്തരത്തിലൊരു കുറിപ്പ് ഭര്‍തൃവീട്ടുകാര്‍ കൈമാറിയെന്ന ആരോപണം ശരിയാണെങ്കില്‍ ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ അഭിപ്രായപ്പെട്ടു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ഒരു സ്ത്രീയുടെ ശരീരത്തിന്റെ അവകാശി അവള്‍ മാത്രമാണെന്നിരിക്കെ മറ്റാര്‍ക്കും ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഇടപെടാനാവില്ല. ദമ്പതിമാരുടെ പത്തുവയസ്സുള്ള മകളെ ഈ പ്രശ്നം എങ്ങനെ ബാധിക്കുമെന്നതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നതെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം വിലക്കുന്ന നിയമപ്രകാരം ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണ് കൊല്ലം സ്വദേശിനായ 39കാരി ഹര്‍ജി നല്‍കിയത്.2012 ഏപ്രിലിലായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹര്‍ജിക്കാരിയുടെ വിവാഹം നടന്നത്. വിവാഹ ദിവസം തന്നെ ഇംഗ്ലീഷ് മാസികയില്‍ വന്ന കുറിപ്പ് മലയാളത്തിലാക്കി നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ പിതാവാണ് ഇത് തയ്യാറാക്കിയതെന്ന് തെളിയിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടും ഹാജരാക്കി. തന്റെ പരാതി വിവരിച്ച് പ്രി നേറ്റല്‍ ഡയഗ്‌നോസ്റ്റിക് ഡിവിഷന്‍ ഡയറക്ടര്‍ക്ക് കത്ത് അയച്ചിരുന്നു. തുടര്‍ന്ന് പരാതി പരിശോധിക്കാനും കര്‍ശന നടപടിക്കുമായി കുടുംബക്ഷേമ അഡീഷണല്‍ ഡയറക്ടര്‍ക്ക് കൈമാറി. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഇതുസംബന്ധിച്ചു മറ്റൊരു കത്തും അഡീഷണല്‍ ഡയറക്ടര്‍ക്ക് നല്‍കി. എന്നാല്‍ നടപടിയുണ്ടായില്ലെന്ന് അറിയിച്ചു. നടപടിയെടുക്കാത്ത അധികൃതരുടെ നിലപാട് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ വ്യക്തമാക്കുന്നതായിരുന്നു ഭര്‍ത്താവിന്റേയും മാതാപിതാക്കളുടെയും പെരുമാറ്റം. ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ കുറിപ്പിലെ നിര്‍ദേശങ്ങള്‍ പാലിക്കാനും നിര്‍ദേശിച്ചു. ഭര്‍ത്താവും ഒന്നിച്ച് ലണ്ടനിലായിരുന്നു താമസം.ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. 2014ല്‍ പെണ്‍കുട്ടിയെ പ്രസവിച്ചു. എന്നാല്‍ പെണ്‍കുട്ടി ജനിച്ചതോടെ ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നുമുള്ള ദ്രോഹം വര്‍ധിച്ചു. മകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും അടിസ്ഥാന കാര്യങ്ങള്‍ പോലും ഭര്‍ത്താവ് ചെയ്തില്ല. തുടര്‍ന്ന് കുടുംബക്കോടതിയെ സമീപിച്ചെന്നും ഹര്‍ജിയില്‍ അറിയിച്ചു.

Leave a Reply