മുൻഭാര്യയെ കുടുക്കാൻ കാറിൽ എംഡിഎംഎ ഒളിപ്പിച്ച് പൊലീസിനെ അറിയിച്ചു; അന്വേഷണത്തിൽ യുവാവിന്റെ കള്ളക്കളി പൊളിഞ്ഞു

0

കോഴിക്കോട്: മുൻ ഭാര്യയെയും ഭർത്താവിനെയും മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26) ആണ് പൊലീസ് പിടിയിലായത്. ഒഎൽഎക്‌സിൽ വിൽപനയ്ക്ക് വെച്ച മുൻ ഭാര്യയുടെയും ഭർത്താവിന്റെയും കാറിൽ എംഡിഎംഎ ഒളിപ്പിച്ചുവെച്ച് പൊലീസിനെ കൊണ്ടു പിടിപ്പിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഇതിനായി 10,000 രൂപ കൊടുത്ത് ചീരാൽ സ്വദേശി മോൻസി എന്നയാളെ ഏൽപ്പിച്ചു.

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതിലൂടെയാണ് യുവാവിന്‍റെ കള്ളക്കളി പുറത്തായത്. വില്‍പനയ്ക്കായി ഒഎല്‍എക്‌സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ചു പൊലീസിന് വിവരം നല്‍കുകയായിരുന്നു. ഇന്നലെ വൈകിട്ടാണു സംഭവം നടന്നത്. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തുനിന്നു വരുന്ന കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ബത്തേരി സ്‌റ്റേഷനില്‍ ലഭിച്ചതിന് പിന്നാലെ പൊലീസ് കോട്ടക്കുന്ന് ജംക്ഷനിൽ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍നിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു.

ചോദ്യംചെയ്യലില്‍ ദമ്പതികൾ നിരപരാധികളാണെന്ന് പൊലീസ് കണ്ടെത്തി. ഒഎല്‍എക്‌സില്‍ വില്‍പനക്കിട്ട വാഹനം ടെസ്റ്റ് ഡ്രൈവിന് ശ്രാവണ്‍ എന്നയാൾക്കു കൊടുക്കാന്‍ പോയതാണെന്ന് ദമ്പതികൾ പറഞ്ഞതോടെ ശ്രാവണിന്റെ നമ്പര്‍ വാങ്ങി പൊലീസ് വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ്, നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്തുവന്നത്. ശ്രാവണ്‍ എന്നത് മോന്‍സിയുടെ കള്ളപ്പേരാണെന്നു പൊലീസ് കണ്ടെത്തി. മുഖ്യപ്രതി മുഹമ്മദ് ബാദുഷ ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here