തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആത്മീയ ചൈതന്യവും മാഹാത്മ്യവും വിളിച്ചോതുന്ന ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ’കൃഷ്ണലീല’ എന്ന കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് സിഇഒയും ഡയറക്ടറുമായ ലക്ഷ്മി മേനോന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടിന് പുസ്തകം കൈമാറിയാണ് സമര്‍പ്പണം നടത്തിയത്.252 പേജുകളിലായി തയ്യാറാക്കിയ പുസ്തകത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആത്മീയ ചൈതന്യവും മാഹാത്മ്യവുമാണ് വിവരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് നടന്ന ചടങ്ങില്‍ നടന് ജയറാം, ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റെസിഡന്റ് എഡിറ്റര്‍ (കേരള) കിരണ്‍ പ്രകാശ്, ജനറല്‍ മാനേജര്‍ (കേരള) വിഷ്ണുകുമാര്‍, ദിനമണി എഡിറ്റര്‍ വൈദ്യനാഥന്, സൂപ്പര്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ ശ്രീധര്‍ ബാലകൃഷ്ണന് ,ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ചെങ്ങറ സുരേന്ദ്രന്, സി മനോജ്, മനോജ് ബി നായര്‍,വി ജി രവീന്ദ്രന്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന് എന്നിവര്‍ പങ്കെടുത്തു.