അറബിക്കടലില്‍ വന്‍ മയക്കുമരുന്നു വേട്ട; ഗുജറാത്ത് തീരത്ത് 3300 കിലോ ലഹരിവസ്തുക്കള്‍ പിടികൂടി, അഞ്ചു വിദേശികള്‍ അറസ്റ്റില്‍

0

ന്യൂഡല്‍ഹി: അറബിക്കടലില്‍ ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട. 3300 കിലോ ലഹരിവസ്തുക്കളാണ് ഇറാനിയന്‍ ബോട്ടില്‍ നിന്നും പിടിച്ചെടുത്തത്. അഞ്ചു വിദേശികളെ അറസ്റ്റ് ചെയ്തു.അറബിക്കടലില്‍ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യന്‍ നാവികസേന, ഗുജറാത്ത് ഭീകര വിരുദ്ധസേന, നാര്‍ക്കോട്ടിക്‌സ് കണ്ടട്രോള്‍ ബ്യൂറോ എന്നിവ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. രാജ്യത്ത് കടലില്‍ നിന്നും പിടികൂടുന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് എന്‍സിബി വ്യക്തമാക്കി.

3089 കിലോ ചരസ്, 158 കിലോ മെത്താഫെറ്റമിന്‍, 25 കിലോ മോര്‍ഫിന്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. പിടിയിലായവര്‍ ഇറാൻ, പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് സംശയിക്കപ്പെടുന്നത്. ഇവരുടെ പക്കല്‍ നിന്നും സ്വദേശം തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളുടെ ചരിത്ര വിജയമാണ് ഗുജറാത്ത് തീരത്തെ മയക്കുമരുന്ന് വേട്ടയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സംയുക്ത ഓപ്പറേഷനില്‍ പങ്കാളികളായ നേവി, എന്‍സിബി, ഗുജറാത്ത് പൊലീസ് തുടങ്ങിയവയെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.

Leave a Reply