വാട്ടര്‍ അതോറിറ്റി എല്‍ഡി ക്ലര്‍ക്ക്, അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണം: ഹൈക്കോടതി

0

കൊച്ചി: വാട്ടര്‍ അതോറിറ്റിയിലെ എല്‍ഡി ക്ലര്‍ക്ക് നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്ന് വിജ്ഞാപനത്തില്‍ പറഞ്ഞതിനേക്കാള്‍ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. റാങ്ക് പട്ടിക പുനഃക്രമീകരിക്കാന്‍ ഒരു മാസത്തെ സമയമാണ് ഡിവിഷന്‍ ബെഞ്ച് അനുവദിച്ചിരിക്കുന്നത്.

റാങ്ക് ലിസ്റ്റില്‍ ഉയര്‍ന്ന യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് സി പ്രദീപ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിജ്ഞാപനം വന്ന 2012 മുതല്‍ കോടതി കയറുന്ന കേസിനാണിപ്പോള്‍ തീര്‍പ്പായിരിക്കുന്നത്.

ഏതെങ്കിലും വിഷയത്തില്‍ ബിരുദവും എല്‍ബിഎസ്/ ഐഎച്ച്ആര്‍ഡി അല്ലെങ്കില്‍ തത്തുല്യ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോ മേഷനില്‍ മൂന്നു മാസത്തില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ആയിരുന്നു യോഗ്യതയായി വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്.

എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയെ ചൊല്ലിയായിരുന്നു വ്യവഹാരം മുഴുവന്‍. എന്നാല്‍ ഉയര്‍ന്ന യോഗ്യ പരിഗണിക്കാത്തതിനെത്തുടര്‍ന്ന് അത്തരം ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചു. വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതയുള്ളവരെയേ പരിഗണിക്കാനാകൂ എന്ന പിഎസ്‌സി നിലപാട് അംഗീകരിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ ഈ ഹര്‍ജികള്‍ തീര്‍പ്പാക്കി. ഇതിനെത്തുടര്‍ന്നാണ് 2022ല്‍ പരീക്ഷ നടന്നത്. എന്നാല്‍ റാങ്ക് പട്ടിക വന്നപ്പോള്‍ അധിക യോഗ്യതയുള്ളവരും ഉള്‍പ്പെട്ടു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ വിജ്ഞാപനത്തില്‍ പറയുന്ന യോഗ്യത കണക്കിലെടുത്ത് പട്ടിക പുനഃക്രമീകരിക്കാന്‍ സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ഒക്ടോബര്ഡ 30ന് ഉത്തരവിട്ടു. ഇതിനെതിരായായിരുന്നു അപ്പീല്‍.

LEAVE A REPLY

Please enter your comment!
Please enter your name here