ഊട്ടി: പോത്ത് കുറുകെ ചാടയിതിനെ തുടര്‍ന്ന് ഊട്ടിയിലെ പൈതൃക ട്രെയിന്‍ (നീലഗിരി മൗണ്ടേന്‍ റെയില്‍വേ) പാളം തെറ്റി. മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട ട്രെയിന് കുറുകെ പോത്ത് വട്ടം ചാടുകയായിരുന്നു. ട്രെയിന്‍ തട്ടിയ പോത്ത് ചത്തു.
ഊട്ടി റെയില്‍വേ സ്റ്റേഷന് ഒരു കിലോമീറ്റര്‍ മുമ്പാണ് ട്രെയിന്‍ പാളം തെറ്റിയത്. ട്രെയിനില്‍ 220 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ട്രെയിന്‍ ഊട്ടിയോട് അടുക്കുമ്പോള്‍ ഫെര്‍ണ്‍ഹില്ലിന് സമീപമാണ് സംഭവം. പോത്തുകള്‍ ട്രാക്ക് മുറിച്ചുകടക്കുന്നത് കണ്ട ഡ്രൈവര്‍ ബ്രേക്കിട്ടെങ്കിലും പോത്തിനെ ഇടിച്ചു.ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. ഇവരെ ബസില്‍ ഊട്ടിയില്‍ എത്തിക്കുകയായിരുന്നു.
സംഭവത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. കോയമ്പത്തൂര്‍ ജില്ലയിലെ മേട്ടുപാളയത്തിനും നീലഗിരി ജില്ലയിലെ ഉദഗമണ്ഡലത്തിനും (ഊട്ടി) ഇടയിലാണ് നീലഗിരി മൗണ്ടേന്‍ റെയില്‍വേ ദിവസവും സര്‍വീസ് നടത്തുന്നത്. മേട്ടുപ്പാളയത്ത് നിന്ന് രാവിലെ 7:10 ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12:30 നാണ് ഊട്ടിയിലെത്തുന്നത്.