‘ടിപി ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നു, അവർ ഹൃദയം പൊട്ടിയാണ് മരിച്ചത്’: കെകെ രമ

0

കൊച്ചി: കൊല്ലപ്പെട്ട ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ അമ്മ ഹൃദയം പൊട്ടിയാണ് മരിച്ചതെന്ന് കെകെ രമ എംഎൽഎ. കോടതിയിൽ ഇരിക്കുമ്പോൾ തന്റെ മനസ് ആ അമ്മയോടൊപ്പമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ശിക്ഷ ഇളവു നൽകാനായി പിടി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഹൈക്കോടതിയിൽ പറഞ്ഞ വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു രമ.

വിവാഹം കഴിച്ചു ഭാര്യയും മക്കളുമുണ്ടെന്നു ചില പ്രതികൾ കോടതിയെ അറിയിച്ചു. കുടുംബത്തോടൊപ്പം താമസിക്കണമെന്നും പാലിയേറ്റീവ് പ്രവർത്തനം നടത്തണമെന്നും പറഞ്ഞവരുമുണ്ട്. പ്രതികളുടെ കൂട്ടത്തിൽ അമ്മ ഒറ്റയ്ക്കാണെന്നു പറഞ്ഞവരുണ്ട്. അങ്ങനെ വിവിധ കാരണങ്ങളാണു പ്രതികൾ പറഞ്ഞത്. സ്വാഭാവികമായിട്ടും അവർക്ക് അവരുടെ വാദം ഉന്നയിക്കാം. ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നു. ഹൃദയം പൊട്ടിയാണ് അമ്മ മരിച്ചത്. അവിടെയിരിക്കുമ്പോൾ എന്റെ മനസ്സ് അമ്മയുടെ അടുത്തായിരുന്നു- കെകെ രമ പറഞ്ഞു.

പ്രായമായ അമ്മയെ ശുശ്രൂഷിക്കേണ്ടത് അവരുടെ ആവശ്യമാണ്. അതിലൊന്നും നമുക്ക് അഭിപ്രായവ്യത്യാസമില്ല. പക്ഷേ, അങ്ങനെ പറയുന്നവർ മറ്റുള്ളവർക്കും അമ്മയും കുടുംബവുമുണ്ടെന്ന് ഓർത്തില്ല. അനുഭാവപൂർണമായ വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കെകെ രമ ഹൈക്കോടതിയിൽ ഹർജി നൽകിയത്. വളരെ അപൂർവമായ കൊലപാതകമാണെന്ന് കോടതിക്കു ബോധ്യമായിട്ടുണ്ട്. അതിനനുസരിച്ചു ശിക്ഷ കൊടുക്കുമെന്നു തന്നെയാണു പ്രതീക്ഷിക്കുന്നതെന്നും രമ പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശിക്ഷയില്‍ ഇളവു വേണമെന്ന് കെ സി രാമചന്ദ്രനും കെ കെ കൃഷ്ണനും കോടതിയില്‍ ആവശ്യപ്പെട്ടു. താന്‍ നിരപരാധിയാണെന്ന് ഒന്നാം പ്രതി എം സി അനൂപ് കോടതിയിൽ പറഞ്ഞത്. ഭാര്യയും കുട്ടികളുമുണ്ട്. വധശിക്ഷയ്ക്ക് വിധിക്കരുത്. വീട്ടില്‍ മറ്റാരും ഇല്ലെന്നും എം സി അനൂപ് പറഞ്ഞു. താന്‍ നിരപരാധിയാണ് രണ്ടാം പ്രതി കിര്‍മാണി മനോജും കോടതിയില്‍ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളത്. ശിക്ഷ ഇളവ് ചെയ്യണമെന്നും മനോജ് ആവശ്യപ്പെട്ടു. കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു മുഖ്യപ്രതികളിലൊരാളായ കൊടി സുനിയുടെ മറുപടി. പ്രായമായ അമ്മ മാത്രമാണ് ഉള്ളത്. ശിക്ഷ വര്‍ധിപ്പിക്കണം എന്ന സര്‍ക്കാരിന്റെയും രമയുടെയും ആവശ്യത്തില്‍ ഒന്നും ബോധിപ്പിക്കാനില്ലെന്നും കൊടി സുനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here