തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച അഞ്ചു വയസുകാരി മരിച്ചു. ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്.
ഇന്നലെ വൈകീട്ടാണ് സംഭവം. ഛര്‍ദിയെ തുടര്‍ന്ന് വള്ളക്കടവിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ആര്യയെ എത്തിച്ചത്. തുടര്‍ന്ന് ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നപ്പോള്‍ വീണ്ടും ഛര്‍ദി ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് വീണ്ടും അതേ ആശുപത്രിയില്‍ തന്നെ കൊണ്ടുപോയി. വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
വണ്ടിപ്പെരിയാറിലെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലാണ്. ഇന്നലെ പകല്‍ സമയത്ത് മുത്തച്ഛനൊപ്പം കുട്ടി ഗവിയിലേക്ക് പോയിരുന്നു. അവിടെ വച്ച് ഐസ്‌ക്രീം കഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരികെ വീട്ടില്‍ എത്തിയ ശേഷമാണ് ഛര്‍ദി അനുഭവപ്പെട്ടത്.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.