‘കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല’; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

0

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത, മദ്യനയ അഴിമതി കള്ളപ്പണ ഇടപാടു കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത് ഇക്കഴിഞ്ഞ 21നാണെന്ന് സുപ്രീം കോടതി. കേസ് രജിസ്റ്റര്‍ ചെയ്ത് ഒന്നര വര്‍ഷം കെജരിവാള്‍ സ്വതന്ത്രനായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി 21 ദിവസം കൂടി അദ്ദേഹത്തെ മോചിപ്പിക്കുന്നത് എന്തു വ്യത്യാസമാണ് ഉണ്ടാക്കുകയെന്ന്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എതിര്‍പ്പു തള്ളിക്കൊണ്ട് കോടതി ചോദിച്ചു.

അരവിന്ദ് കെജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാണ്. രാജ്യത്തെ ദേശീയ പാര്‍ട്ടികളില്‍ ഒന്നിന്റെ നേതാവാണ്. അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുള്ളത് ഗുരുതരമായ ആരോപണമാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ അതില്‍ അദ്ദേഹം കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടില്ല- കോടതി ചൂണ്ടിക്കാട്ടി.കെജരിവാള്‍ മുന്‍പ് കുറ്റം ചെയ്തിട്ടുള്ളയാളല്ല, അദ്ദേഹം സമൂഹത്തിന് ഭീഷണിയല്ല- സുപ്രീം കോടതി പറഞ്ഞു. ഇതേ കേസില്‍ നേരത്തെ ജാമ്യം ലഭിച്ച എഎപി നേതാവ് സഞ്ജയ് സിങ്ങിനുള്ള ജാമ്യ വ്യവസ്ഥകള്‍ തന്നെയാവും കെജരിവാളിനുമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് പറഞ്ഞു.

ഓരോ കേസിലും ഇടക്കാല ജാമ്യം അനുവദിക്കുന്നതു പ്രത്യേകമായി പരിഗണിച്ചാണ്. തെരഞ്ഞെടുപ്പിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ കേസില്‍ ജാമ്യം അനുവദിക്കുന്നത്. കേസിന്റെ മെറിറ്റിനെ ഇതു ബാധിക്കരുതെന്നും കോടതി വ്യക്തമാക്കി. ജൂണ്‍ രണ്ടിനു കെജരിവാള്‍ തിരികെ ജയിലില്‍ എത്തി കീഴടങ്ങണമെന്നു നിര്‍ദേശിച്ച കോടതി, ജാമ്യം തെരഞ്ഞെടുപ്പു ഫലം വരുന്ന ജൂണ്‍ നാലു വരെ ആക്കണമെന്ന ആവശ്യം തള്ളി.

ജാമ്യത്തുകയായി കെജരിവാള്‍ 50,000 രൂപ കെട്ടിവയ്ക്കണം. തതുല്യ തുകയ്ക്കുള്ള ആള്‍ജാമ്യവും വേണം. ജാമ്യ കാലയളവില്‍ സാക്ഷികളുമായി ഇടപഴകരുത്. കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക ഫയലുകളും പരിശോധിക്കാന്‍ പാടില്ല. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസിലോ സെക്രട്ടേറിയറ്റിലോ സന്ദശിക്കരുത്. കേസുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനം പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here