തിരുവനന്തപുരം: കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതും. കേരളത്തില്‍ 2955, ഗള്‍ഫ് മേഖലയില്‍ ഏഴും ലക്ഷദ്വീപില്‍ ഒമ്പതും ഉള്‍പ്പെടെ ആകെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. മാര്‍ച്ച് നാലുമുതലാണ് പരീക്ഷ നടക്കുക. പരീക്ഷ നടത്തുന്നതിന് ആവശ്യമായ ഉത്തരക്കടലാസ് വിതരണവും പൂര്‍ത്തീകരിച്ചു. ട്രഷറി/ബാങ്ക് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ചോദ്യപേപ്പറിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ചോദ്യപേപ്പറുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തുകയും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ചോദ്യപേപ്പര്‍ സോര്‍ട്ടിംഗ് ഫെബ്രുവരി 29 ന് പൂര്‍ത്തീകരിച്ച് മുന്‍ നിശ്ചയിച്ചിട്ടുള്ള ട്രഷറികളിലേക്കും ബാങ്കുകളിലേക്കും എത്തിക്കും. ഓരോ പരീക്ഷാ കേന്ദ്രത്തിലും ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരുടെ നിയമനം ഇന്ന് പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി പികെഎംഎംഎച്ച്എസ് എടരിക്കോടാണ്. 2085 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.റഗുലര്‍ വിഭാഗത്തില്‍ 4,27,105 ഉം പ്രൈവറ്റ് വിഭാഗത്തില്‍ 118 ഉം ഉള്‍പ്പെടെ 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണം 1,67,772ആണ്. ഇംഗ്ലീഷ് മീഡിയത്തില്‍ 2,56,135 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ഗള്‍ഫ് മേഖലയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ 536 ഉം ലക്ഷദ്വീപില്‍ പരീക്ഷ എഴുതുന്നത് 285 വിദ്യാര്‍ഥികളുമാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി പികെഎംഎംഎച്ച്എസ് എടരിക്കോടാണ്. 2085 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങള്‍ മൂവാറ്റുപുഴ എന്‍എസ്എസ്എച്ച്എസ്, തിരുവല്ല ഗവണ്‍മെന്റ് എച്ച്എസ് കുട്ടൂര്‍, ഹസ്സന്‍ ഹാജി ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ എച്ച്എസ്, എടനാട് എന്‍എസ്എസ് എച്ച്എസ് എന്നീ സ്‌കൂളുകളാണ്. ഇവിടെ ഓരോ വിദ്യാര്‍ഥി വീതമാണ് പരീക്ഷ എഴുതുന്നതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.