അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോണ്‍ഗ്രസ് പങ്കെടുക്കുന്നില്ലെന്ന തീരുമാനം ഹിന്ദുക്കളോടുള്ള അവഹേളനം;വി മുരളീധരന്‍

0

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന കോണ്‍ഗ്രസിന്റെ തീരുമാനം ഹിന്ദുക്കളോടുള്ള അവഹേളനമാണെന്ന് വി മുരളീധരന്‍. ആരെ ഭയന്നാണ് കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തത് നാല് വോട്ടിന് വേണ്ടിയുള്ള വിലകുറഞ്ഞ നടപടിയാണിതെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി.

ആരെ ഭയന്നാണ് കോണ്‍ഗ്രസ് ഈ തീരുമാനം എടുത്തിരിക്കുന്നത് സമസ്തയെ ഭയന്നാണോ മുസ്ലീം ലീഗിനെ ഭയന്നാണോ കോണ്‍ഗ്രസ് പറയണം. ഉത്തരേന്ത്യയിലുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനത്തെ അംഗീകരിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലിം ലീഗിന്റെ കാല്‍ക്കല്‍ അടിയറവ് പറഞ്ഞിരിക്കുന്നുവെന്നും വി മുരളീധരന്‍.

രാഷ്ട്രീയ രാമന്‍ പ്രയോഗത്തിനും അദ്ദേഹം മറുപടി പറഞ്ഞു. രാമക്ഷേത്രം ബിജെപിയോ ആര്‍എസ്എസോ സ്ഥാപിക്കുന്ന ക്ഷേത്രമല്ല. രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളുടെതുമാണ്. പള്ളിയില്‍ പോകുന്നത് ജനാധിപത്യത്തിന് എതിരല്ല, ക്ഷേത്രത്തില്‍ പോകുന്നത് ജനാധിപത്യത്തിന് എതിരാണോ ഇതാണ് കോണ്‍ഗ്രസ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കൈവെട്ട് കേസിലെ പ്രതി 13 വര്‍ഷം മട്ടന്നൂരില്‍ ഒളിവില്‍ കഴിഞ്ഞത് അയാളുടെ മിടുക്കല്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയാണ് മട്ടന്നൂര്‍. ഭീകരവാദികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിന്തുണ നല്‍കുന്നു. കേരളം അന്താരാഷ്ട്ര ഭീകരരുടെ ഒളിത്താവളമാക്കാന്‍ ഈ സംഭവം വഴിയൊരുക്കുമോ എന്ന് കേരളത്തിലെ ജനങ്ങള്‍ ഭയക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here