അയോധ്യ ഒരുങ്ങി;രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ഇന്ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മുഖ്യ യജമാനൻ’

0

അയോധ്യയിൽ രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠ ഇന്ന്. ഉച്ചക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങിന്റെ ‘മുഖ്യ യജമാനൻ’ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി 10.30ന് അയോധ്യയിലെത്തും. ക്ഷണിക്കപ്പെട്ട പ്രത്യേക 7000 അതിഥികൾക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് കാണാൻ അവസരം. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും.

പ്രതിഷ്ഠക്ക് ശേഷം നാളെ മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്തടക്കം കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള അധിവാസ, അനുഷ്ഠാനങ്ങൾ ഈമാസം 16-നാണ് തുടങ്ങിയത്. വിവിധ നദികളിൽനിന്നും പുണ്യസ്ഥലങ്ങളിൽനിന്നും ശേഖരിച്ച 114 കലശങ്ങളിൽ നിറച്ച വെള്ളംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്നാനം നടത്തിയത്.

മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ തീർത്ത 51 ഇഞ്ച് വിഗ്രഹമാണ് പ്രതിഷ്ഠ. 5 വയസ്സുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരാണു പ്രാണപ്രതിഷ്ഠാ സമയത്തു ശ്രീകോവിലിൽ ഉണ്ടാവുക.

അയോധ്യ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി തമിഴ്നാട്ടിലെ ക്ഷേത്ര പര്യടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പൂർത്തിയാക്കിയിരുന്നു. ധനുഷ്കോടി കോതണ്ഡ രാമസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തി. നേരത്തെ രാമസേതു നിർമ്മിച്ചെന്ന് വിശ്വസിക്കപ്പെടുന്ന അരിച്ചാൽ മുനയും മോദി സന്ദർശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here