10 വർഷം മുൻപ് 20,000 മുടക്കി വീടിന്റെ അറ്റകുറ്റപ്പണി; 41,264 രൂപ സെസ് അടയ്ക്കാൻ കർഷകനു നോട്ടീസ്!

0

കണ്ണൂർ: 50 വർഷം പഴക്കമുള്ള വീടിനു 20,000 രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയ ഗൃഹനാഥനു 40,000 രൂപ സെസ് ചുമത്തി തൊഴിൽ വകുപ്പ്. കണ്ണൂർ കേളകത്തെ കർഷകൻ പുതനപ്രയിലെ തോമസിനാണ് നോട്ടീസ് കിട്ടിയത്. റവന്യൂ വകുപ്പ് അളന്നതിനേക്കാൾ കൂടുതൽ തറ വിസ്തീർണം രേഖപ്പെടുത്തിയാണ് സെസ് കണക്കാക്കിയത്. പിഴവുണ്ടെങ്കിൽ പരിശോധിക്കുമെന്നാണ് വകുപ്പിന്റെ മറുപടി.

അരനൂറ്റാണ്ട് പഴക്കമുളള വീട് അറ്റകുറ്റപ്പണി നടത്തിയതിന് ചെലവായതിന്‍റെ ഇരട്ടി തുക സർക്കാരിലേക്ക് സെസ് അടയ്ക്കുന്നത് എന്തിനാണെന്ന് തോമസ് ചോദിക്കുന്നു. ഇക്കാര്യത്തിൽ നിയമ നടപടിക്കൊരുങ്ങുകയാണ് തോമസ്.

പത്ത് വർഷം മുൻപായിരുന്നു അറ്റകുറ്റപ്പണി. മേൽക്കൂരയുടെ ചോർച്ചയും പട്ടിക ചിതലരിച്ചതും കാരണം കുറച്ചു ഭാഗം ഷീറ്റിട്ടു. 20,000 രൂപയാണ് ഇതിനു ചെലവ് വന്നത്. 2016ൽ റവന്യൂ വകുപ്പ് 6000 രൂപ കെട്ടിട നികുതി ഈടാക്കി.

തറവിസ്തീർണം അളന്നത് 226.72 ചതുരശ്ര മീറ്റർ. തറവിസ്തീർണം 316. 2. റവന്യു വകുപ്പ് കണക്കാക്കിയതിനേക്കാൾ കൂടുതൽ. ആകെ നിർമാണച്ചെലവ് കണക്കാക്കിയത് 41.2 ലക്ഷം. അതിന്‍റെ ഒരു ശതമാനമായ 41,264 രൂപ സെസായി അടയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. കെട്ടിട തൊഴിലാളി ക്ഷേമനിധി ബോർഡാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം, ലഭിച്ചത് 2016ൽ കെട്ടിട നികുതി അടച്ച വിവരങ്ങളാണെന്നു തൊഴിൽ വകുപ്പ് വ്യക്തമാക്കി. അതനുസരിച്ച് സ്ക്വയർ മീറ്ററിന് 11000 രൂപ കണക്കാക്കി നിർമാണച്ചെലവ് നിശ്ചയിച്ചുവെന്നും തൊഴിൽ വകുപ്പ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here