പാര്‍ട്ടി പ്രവര്‍ത്തകര്‍ നവകേരള സദസിന് സംരക്ഷണം നല്‍കേണ്ട കാര്യമില്ല; എംവി ഗോവിന്ദന്‍

0

കോഴിക്കോട് : നവകേരള സദസ്സിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംരക്ഷണം നല്‍കേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നവകേരള സദസ്സ് സര്‍ക്കാര്‍ പരിപാടിയാണ്. പാര്‍ട്ടി പരിപാടിയാണെങ്കില്‍ മാത്രമേ പാര്‍ട്ടി പ്രവര്‍ത്തകരുടെ സംരക്ഷണം ആവശ്യമുള്ളൂ. ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിപാടിക്ക് കായികമായി പ്രതിരോധം തീര്‍ക്കുന്ന നിലപാട് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. പരിപാടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് തന്നെ ധാരാളമാണന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

ബംഗാളിലേതടക്കമുള്ള തിരിച്ചടികള്‍ കേരളത്തിലെ പാര്‍ട്ടിക്ക് പാഠമാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലെയും ത്രിപുരയിലെയും ആന്ധ്രയിലെയും അനുഭവങ്ങള്‍ പാഠമാണ്. പാര്‍ട്ടി സംവിധാനം സ്വതന്ത്രമായി നിന്നുകൊണ്ട് ഏത് ഭരണ സംവിധാനത്തിന്റെയും ഭാഗമായി മുന്നോട്ട് പോകാന്‍ നല്ല ആര്‍ജ്ജവവും ശേഷിയും നേടണം. കേരളത്തിലെ പാര്‍ട്ടി പിണറായിക്ക് കീഴില്‍ എന്നത് തെറ്റായ പ്രചാരണമാണ്. പാര്‍ട്ടിയിലെ സീനിയര്‍ കേഡറും പിബി അംഗവുമാണ് പിണറായി വിജയന്‍. പാര്‍ട്ടിക്കകത്ത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് ഉണ്ടാകുന്ന തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് അദ്ദേഹവും പ്രവര്‍ത്തിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയപ്പോള്‍ ഗവര്‍ണര്‍ വാഹനം നിര്‍ത്തി ഇറങ്ങിയതാണ് പ്രകോപനത്തിന് കാരണമെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗുണ്ടയെ പോലെയാണ് പെരുമാറിയത്. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ സമരം നടത്താന്‍ എസ്എഫ്‌ഐയെ സിപിഎം പ്രേരിപ്പിച്ചിട്ടില്ലെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here