തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് ചൊവ്വാഴ്ച തുടക്കം

0

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീ പാർവതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ പന്ത്രണ്ട് ദിവസമാണ് ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്സവം ആഘോഷിക്കുന്നത്.നടതുറപ്പുത്സവത്തിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള തിരുവാഭരണ ഘോഷയാത്ര നാളെ വൈകീട്ട് 4.30ന് ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട അകവൂർ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും.

ശ്രീമഹാദേവനും ശ്രീപാർവതി ദേവിക്കും ചാർത്തുവാനുള്ള തിരുവാഭരണങ്ങളും കെടാവിളക്കിൽ നിന്ന് പകർത്തിയ ദീപവും പ്രത്യേകം അലങ്കരിച്ച രഥത്തിൽ താലം, പൂക്കാവടി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. രാത്രി 8 ന് തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലെത്തുന്നതോടെ തിരുവാഭരണങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തിയശേഷം ആചാരപൂർവ്വം ശ്രീപാർവതി ദേവിയുടെ നടതുറക്കും.

ക്ഷേത്ര ഊരാൺമക്കാരായ അകവൂർ, വെടിയൂർ, വെൺമണിമനകളിലെ പ്രതിനിധികളും, സമുദായ തിരുമേനിയും, ദേവിയുടെ തോഴി സങ്കൽപ്പമായ പുഷ്പിണിയും, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ചടങ്ങിന് സാക്ഷിയാകും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 4 മുതൽ ഉച്ചക്ക് 1.30 വരെയും, ഉച്ചക്ക് 2 മുതൽ രാത്രി 9 വരെയും ദർശനം സാധ്യമാകും.

ക്ഷേത്രത്തിൽ ഇന്ന് പാരമ്പര്യ രീതിയിൽ തയ്യാറാക്കുന്ന എട്ടങ്ങാടി നിവേദ്യം ഉണ്ടാകും. ചേന, ചേമ്പ്, ചെറുകിഴങ്ങ്, കാച്ചിൽ,കൂർക്ക, ഏത്തപ്പഴം എന്നിവ തീ കനലിൽ ചുട്ടെടുത്ത് വൻപയർ, മുതിര, എള്ള്, ശർക്കര എന്നിവ ചേർത്താണ് എട്ടങ്ങാടി നിവേദിക്കുന്നത്.

വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് സ്ത്രീകൾ എട്ടങ്ങാടി തയ്യാറാക്കുന്നത്. നടതുറപ്പ് മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി ക്ഷേത്രവും പരിസരവും ഭക്തരെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു.ഉന്നത പോലീസ് ഉദ്യോഗസ്ഥരും വിവിധ വകുപ്പു മേധാവികളും ക്ഷേത്രത്തിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി.

പോലീസ് സേനക്ക് പുറമെ സ്വകാര്യ സെക്യുരിറ്റി ജീവനക്കാരും വളണ്ടിയർമാരും കർമ്മനിരതരായി ഇരുപത്തിനാല്‌മണിക്കൂറും ക്ഷേത്ര പരിസരത്ത് സേവനത്തിന് ഉണ്ടാകും.കെ എസ് ആർ ടി സി വിവിധ ഡിപ്പോകളിൽ നിന്ന് ക്ഷേത്രത്തിലേക്ക് സർവീസുകൾ നടത്തുന്നതാണ്.തിരക്കൊഴിവാക്കാൻ വെർച്വൽ ക്യു ബുക്കിംഗ് ഏർപ്പടുത്തിയിട്ടുണ്ട്. ജനുവരി 6 ന് രാത്രി 8 നാണ് നടതുറപ്പ് മഹോത്സവം സമാപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here