വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ആല്‍ബവും വീഡിയോയും നല്‍കിയില്ല; ദമ്പതിമാരെ കബളിപ്പിച്ച കേസിൽ 1.18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

0

കൊച്ചി: വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ആല്‍ബവും വീഡിയോയും നല്‍കാതെ ദമ്പതിമാരെ കബളിപ്പിച്ചെന്ന കേസില്‍ നടപടിയുമായി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. ആലങ്ങാട് സ്വദേശികളുടെ പരാതിയിലാണ് നടപടി. സംഭവത്തിൽ എറണാകുളത്തെ ഫോട്ടോഗ്രാഫിക് സ്ഥാപനം ഒരു മാസത്തിനകം 1.18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്.

ആലങ്ങാട് സ്വദേശി അരുണ്‍ ജി. നായരും ഭാര്യ ശ്രുതിയുമാണ് പരാതി നല്‍കിയത്. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവരുള്‍പ്പെട്ട കമ്മിഷനാണ് വിധി പറഞ്ഞത്. 2017 ഏപ്രില്‍ 16-നായിരുന്നു പരാതിക്കാരുടെ വിവാഹം. ഫോട്ടോ ആല്‍ബവും വീഡിയോയും തയ്യാറാക്കാന്‍ മുന്‍കൂറായി 58,500 രൂപ എറണാകുളത്തെ മാട്രിമോണി ഡോട്ട് കോം. എന്ന സ്ഥാപനത്തിന് നല്‍കിയിരുന്നു. ബാക്കി 6,000 രൂപ വീഡിയോയും ആല്‍ബവും കൈമാറുമ്പോള്‍ നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആല്‍ബവും വീഡിയോയും നല്‍കിയില്ല. തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്.

പരാതിയില്‍ എതിര്‍കക്ഷിക്ക് നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ല. തുടര്‍ന്ന് എക്‌സ് പാര്‍ട്ടി വിധിയാണ് പറഞ്ഞത്. ജീവിതത്തിലെ ഏറ്റവു പവിത്രമായ വിവാഹച്ചടങ്ങ് പകര്‍ത്താനാണ് ഹര്‍ജിക്കാര്‍ എതിര്‍കക്ഷിയെ സമീപിച്ചത്. എന്നാല്‍ ഇവര്‍ വാക്കുപാലിച്ചില്ല. ഇതുമൂലം പരാതിക്കാര്‍ക്കുണ്ടായ മാനസികവിഷമവും സാമ്പത്തിക ബുദ്ധിമുട്ടും കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കുന്നതിന് സ്ഥാപനത്തിന് ബാധ്യതയുണ്ടെന്ന് കമ്മിഷന്‍ വിലയിരുത്തി. ഹര്‍ജിക്കാര്‍ നല്‍കിയ മുന്‍കൂര്‍ തുകയായ 58,500 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും നല്‍കണം. കോടതിച്ചെലവിനത്തില്‍ 10,000 രൂപയും ചേര്‍ത്താണ് 1,18,500 ഒരുമാസത്തിനകം നല്‍കാന്‍ ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here