ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്പോട്ടിഫൈ

0

ജനപ്രിയ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയിൽ ജീവനക്കാരെ കുറയ്ക്കുന്നു. ആഗോളതലത്തിൽ 17 ശതമാനം ജീവനക്കാരെയാണ് വെട്ടിക്കുറയ്ക്കുന്നതെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ചെലവുകൾ കൈകാര്യം ചെയ്യുന്ന രീതി മെച്ചപ്പെടുത്താനുമാണ് നടപടി. സ്‌പോട്ടിഫൈ സിഇഒ ഡാനിയൽ എക് ആണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ വിവരം അറിയിച്ചത്.

‘കാര്യങ്ങൾ കൂടുതൽ ചെലവേറിയതായി മാറിയിരിക്കുന്നു. ഇത് സ്പോട്ടിഫൈ അതിന്റെ പണം എങ്ങനെ ചെലവഴിക്കുന്നുവെന്നും ജോലി ചെയ്യാൻ എത്ര ആളുകളെ ആവശ്യമാണെന്നും ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഞങ്ങളുടെ ഭാവി ലക്ഷ്യങ്ങളുമായി സ്പോട്ടിഫൈയെ വികസിപ്പിക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചു. ഞങ്ങളുടെ മൊത്തം ജീവനക്കാരുടെ എണ്ണം ഏകദേശം 17 ശതമാനം കുറയ്ക്കുകയെന്ന ബുദ്ധിമുട്ടുള്ള തീരുമാനമെടുത്തിട്ടുണ്ട്. വിലപ്പെട്ട സംഭാവനകൾ നൽകിയ നിരവധി വ്യക്തികളെ ഇത് ബാധിക്കുമെന്ന് ഞാൻ തിരിച്ചറിയുന്നു. വ്യക്തമായി പറഞ്ഞാൽ, മിടുക്കരും കഴിവുള്ളവരും കഠിനാധ്വാനികളുമായ നിരവധി ആളുകൾ നമ്മെ വിട്ടുപോകും’, ഡാനിയൽ പറഞ്ഞു.

പിരിഞ്ഞുപോകുന്നവരെ സഹായിക്കാനുള്ള പദ്ധതികളും കമ്പനി തയ്യാറാക്കിയിട്ടുണ്ട്. എത്രകാലം ജോലി ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിൽ ഒരു നിശ്ചിത തുക ജീവനക്കാർക്ക് ലഭിക്കും. ഇതുവരെ എല്ലാ ലീവുകൾക്കും പണം നൽകും. കമ്പനി തുടർന്നും കുറച്ചുകാലത്തേക്ക് ആരോഗ്യ സംരക്ഷണം നൽകും, കൂടാതെ അവരുടെ ജോലിയുമായി ബന്ധപ്പെട്ട ഇമിഗ്രേഷൻ പ്രശ്നങ്ങളുള്ള ആളുകളെയും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ജൂണിൽ പോഡ്‌കാസ്റ്റ് യൂണിറ്റിൽ നിന്ന് 200 ജീവനക്കാരെ സ്പോട്ടിഫൈ പിരിച്ചുവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here