ഗവര്‍ണര്‍ ഇങ്ങനെ പെരുമാറാന്‍ പാടുണ്ടോ? എന്താ വിളിച്ചു പറയുന്നത്, പക്വത എത്തിയ ഭരണാധികാരിയുടെ നിലപാടാണോ ഗവര്‍ണര്‍ സ്വീകരിച്ചത്; ഇ.പി ജയരാജന്‍

0

കാസര്‍കോട്: ഗവര്‍ണക്കെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പക്വത എത്തിയ ഭരണാധികാരിയുടെ നിലപാടാണോ ഗവര്‍ണര്‍ സ്വീകരിച്ചതെന്ന് ജയരാജന്‍ ചോദിച്ചു. എന്താ വിളിച്ചു പറയുന്നത്. ഗവര്‍ണര്‍ ഇങ്ങനെ പെരുമാറാന്‍ പാടുണ്ടോ. ഗവര്‍ണര്‍ നിലപാട് പരിശോധിക്കണം. കാറില്‍ നിന്ന് പുറത്തിറങ്ങിയത് കണ്ട് ഞാന്‍ തന്നെ അത്ഭുതപ്പെട്ടു പോയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ നേതൃത്വത്തില്‍ അക്രമിച്ച വിഷയത്തിലും ഇ പി ജയരാജന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കുന്നവരെ പ്രതിരോധിക്കുകയാണ് ഗണ്‍മാന്റെ ചുമതല. ഗണ്‍മാന്‍ ഗണ്‍മാനാണ്. അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കണം. ഗണ്‍മാന്‍ തമാശയ്ക്ക് നടക്കുന്ന ആളല്ല. ഗണ്‍മാന്റെ ഡ്യൂട്ടി മനസ്സിലാക്കണം.

യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ജനാധിപത്യപരമായ പ്രതിഷേധമല്ല. മുഖ്യമന്ത്രി പോകുമ്പോള്‍ കാറിനു നേരെ കല്ലെറിയുന്നു. മുസ്ലിംലീഗ് ഈ നടപടിയോടൊപ്പം ഇല്ല. കേരളത്തിന്റെ വികസന താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലീഗ് ഒപ്പമുണ്ട്. മുസ്ലിം ലീഗുകാര്‍ ആക്രമണത്തിന്റെ പിന്നാലെ പോകുന്നില്ല. കോണ്‍ഗ്രസിനകത്ത് ക്രിമിനല്‍ സ്വഭാവമുള്ള ചിലരുണ്ട്. അവര്‍ കല്ലും കൊണ്ടു നടക്കുന്നു. പ്രതിപക്ഷ നേതാവ് ഉപദേശിച്ച് ഈ പ്രതിഷേധങ്ങള്‍ നിര്‍ത്തുന്നതാണ് നല്ലതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത് പ്രതിഷേധ സൂചകമായാണെന്നും ഇ പി ജയരാജന്‍ ചൂണ്ടിക്കാണിച്ചു. സര്‍വ്വകലാശാലകള്‍ നിശ്ചലമാകുമ്പോഴും വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധിക്കുമെന്നും ഗവര്‍ണര്‍ അദ്ദേഹത്തിന്റെ ദൗത്യം നിര്‍വഹിക്കണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here