“കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ജന്മി – കുടിയാൻ ബന്ധമല്ല”; വി മുരളീധരൻ അടക്കമുള്ളവര്‍ ഇത് മനസിലാക്കണമെന്ന് മുഹമ്മദ് റിയാസ്

0

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ജന്മി – കുടിയാൻ ബന്ധമല്ല നിലനിൽക്കുന്നതെന്ന് ബന്ധപ്പെട്ടവർ മനസിലാക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ജന്മി-കുടിയാൻ ബന്ധങ്ങൾ അവസാനിപ്പിക്കാൻ കേരളത്തിൽ നടന്ന ഉജ്വല പോരാട്ടങ്ങളെക്കുറിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ അടക്കമുള്ള ബിജെപി നേതാക്കന്മാർ അറിഞ്ഞിരിക്കുന്നത് നന്നാവുമെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്ത് നവകേരള സദസിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

സാമ്പത്തിക വിഷയങ്ങളിൽ ഉൾപ്പെടെ നിരന്തരം അസത്യം പ്രചരിപ്പിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിൽ ജനിച്ചു വളർന്ന മുരളീധരൻ ഇന്നുവരെ കേരളത്തിന്റെ വികസന കാര്യത്തിൽ അനുകൂലമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. കേരളത്തിന്റെ വികസനം മുടക്കാനുള്ള കേന്ദ്രമന്ത്രി എന്ന നിലയിലാണ് ആദ്ദേഹം പ്രവർത്തിക്കുന്നത്. കേന്ദ്രവും കേരളവും തമ്മിൽ ജന്മി കുടിയാൻ ബന്ധമാണ് ഉള്ളത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹവും മറ്റു ബിജെപി നേതാക്കളും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്.

സർവ മേഖലയിലും കേന്ദ്രം കേരളത്തോട് അവഗണന കാണിക്കുമ്പോൾ അതിനെ ഒന്നിച്ച് നിന്ന് എതിർക്കുന്നതിനു പകരം ബിജെപിയുടെ അതേ നിലപാട് സ്വീകരിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ്. കേന്ദ്രത്തിനെതിരെ ഒന്നിച്ച് സമരം ചെയ്യാം എന്ന ഇടതുപക്ഷത്തിന്റെ നിലപാടിനോട് അനുകൂലമായി പ്രതികരിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല. എന്നാൽ കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായും അല്ലാതെയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയാണ് എന്ന അഭിപ്രായത്തോട് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം അനുകൂലിച്ചു. ഒന്നിച്ചുള്ള പോരാട്ടത്തിന് തായ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രം കേരളത്തെ അവഗണിക്കുന്നില്ല എന്നായിരുന്നു നവകേരള സദസ് ആരംഭിച്ച നവംബർ 18 നു മുൻപ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാൽ കേന്ദ്ര അവഗണന ഉണ്ടെന്നപ്രതിപക്ഷ ഉപ നേതാവിന്റെ അഭിപ്രായത്തോട് ഇപ്പോൾ അദ്ദേഹത്തിന് യോജിക്കേണ്ടി വന്നിരിക്കുന്നു. നവകേരള സദസ്സ് ഉയത്തിപ്പിടിച്ച ആശയങ്ങൾ ശരിയാണ് എന്ന് ബോധ്യം വന്നതോടെയാണ് പ്രതിപക്ഷ നേതാവിന് ഇപ്പോൾ നിലപാട് മാറ്റേണ്ടി വന്നത്.

നവകേരള സദസ്സിനെ പല തരത്തിൽ തകർക്കാനാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ തുടക്കത്തിലേ ശ്രമിച്ചത്. ആദ്യം ബസിനെക്കുറിച്ച് കുപ്രചാരണങ്ങൾ നടത്തി. ഗീബൽസ് പോലും ലജ്ജിച്ചുപോകുന്ന നുണകൾ ആണ് അദ്ദേഹം പ്രചരിപ്പിച്ചത്. പിന്നീട് ഇത് അശ്ളീല സദസ്സായാണെന്നു പറഞ്ഞു. അതും പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കാൻ ശ്രമിച്ചു. പിന്നെ കനുഗോലുവിന്റെ നിർദേശപ്രകാരം ബസിനുമുന്നിൽ ചാടി രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ കേന്ദ്രം കാണിക്കുന്ന അവഗണക്കെതിരെ ഒന്നിക്കണമെന്ന നാടിന്റെ ആവശ്യത്തോട് മുഖം തിരിക്കുകയാണ് ആദ്ദേഹം.

ജിഎസ്ടി , റെവന്യൂ ഗ്രാൻഡ് തുടങ്ങി പല ഇനങ്ങളിലായി 57000 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നൽകാനുള്ളത്. ഇത് ലഭിച്ചാൽ തന്നെ സംസ്ഥാനത്തിന്റെ സ്ഥിതി ഒരുപാട് മെച്ചപ്പെടും. കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചു. എന്തിനു, എൽഡിഎഫ് ആണ് ഭരിക്കുന്നതെന്നു ഒറ്റക്കാരണത്താൽ സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനുള്ള തുകപോലും കേന്ദ്രം നിഷേധിക്കുന്നു. പക വീട്ടലിന്റെ ഭാഗമാണ് ഇത്. ഇതിനെതിരെ കേരളത്തിലെ പ്രതിപക്ഷ നേതാവോ യുഡിഎഫ് എംപിമാരോ ഒരക്ഷരം മിണ്ടുന്നുണ്ടോ.

ഇതിനു പുറമെയാണ് കേരളത്തിലെ റയിൽവെയോട് കേന്ദ്രം കാണിക്കുന്ന ക്രൂരത. ഏറ്റവും കൂടുതൽ വരുമാനം റെയിൽവേക്ക് നൽകുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ അതിനനുസരിച്ചുള്ള പരിഗണന കേരളത്തിന് ലഭിക്കുന്നുണ്ടോ. വന്ദേഭാരത വന്നത് നല്ല കാര്യം. എന്നാൽ അത് ഇത്രയും വൈകിച്ചത് അനീതിയല്ലേ. ഇപ്പോൾ വന്ദേ ഭാരതിന് വേണ്ടി മറ്റ് വണ്ടികൾ അനിശ്ചിതമായി പിടിച്ചിടുന്നു. ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചതോടെ തിരക്ക് സഹിക്കാൻ കഴിയാതെ യാത്രക്കിടയിൽ കുഴഞ്ഞുവീഴുന്നു. ജനറൽ കോച്ചുകളുടെ എണ്ണം കുറച്ച് എസി കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കിപ്പിക്കുന്നു. കൺഫേം ആവാത്ത ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ ഈടാക്കുന്ന തുകയിലൂടെ കൊള്ളയാണ് റെയിൽവേ നടത്തുന്നത്.

കേരളത്തിന് ഇപ്പോഴും ഒരു റെയിൽവേ സോൺ അനുവദിച്ചിട്ടില്ല. അനുവദിച്ച കോച്ച് ഫാക്ടറി എന്തായെന്ന് അറിയില്ല. യുഡിഎഫ് എംപിമാർ ഇതിനെക്കുറിച്ചു മിണ്ടുന്നില്ല. അതിവേഗപ്പാത കേരളത്തിൽ ഇപ്പോഴും ഇല്ല. വേഗത്തിൽ വണ്ടി ഓടാൻ കേരളത്തിൽ 626 വളവുകൾ നികത്തണം എന്ന് റെയിൽവേ തന്നെ പറയുന്നു. അതിനേക്കാൾ ലാഭകരമാണ് എൽഡിഎഫ് മുന്നോട്ടുവെച്ച കെ റെയിൽ. പാത ഇരട്ടിപ്പിക്കാലിന് ആകെയുള്ള തുകയുടെ ഒരു ശതമാനത്തിൽ താഴെ ആണ് കേരളത്തിന് അനുവദിച്ചത്. രഹസ്യമായി ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നു. ഇങ്ങനെ എല്ലാറ്റിലും കേരളത്തെ ഞെരിച്ചുകൊല്ലാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇതിനെതിരെ ഒന്നിച്ചുള്ള സമരമാണ് വേണ്ടത്. അതിനു പ്രതിപക്ഷം തയ്യാറാക്കണമെമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here