പാകിസ്ഥാൻ തെരഞ്ഞെടുപ്പ്: നവാസ് ഷരീഫിന്റെ പത്രിക സ്വീകരിച്ചു 

0

 

 

ഇസ്​ലാമാബാദ്: പാകിസ്ഥാനിൽ ഫെബ്രുവരി 8ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് നൽകിയ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. ലഹോർ, മൻഷാര എന്നിവിടങ്ങളിൽ നിന്ന് അദ്ദേഹം മത്സരിക്കും. നാലാം വട്ടവും പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ് ഷരീഫ്.

 

അതേസമയം, തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്ക് നിലനിൽക്കെ ഷരീഫിന്റെ പത്രിക കമ്മിഷൻ സ്വീകരിച്ചതെങ്ങനെ എന്നു വ്യക്തമല്ല. മകന്റെ കമ്പനിയിൽ നിന്നുള്ള വരുമാനം വ്യക്തമാക്കിയില്ലെന്ന കേസിൽ 2017 ലാണ് സുപ്രീം കോടതി ഷരീഫിന് ആജീവനാന്ത വിലക്കേർപ്പെടുത്തിയത്. വിലക്ക് നീക്കാനുള്ള ഹർജി വാദം കേൾക്കാനിരിക്കുന്നതേയുള്ളൂ. 2 അഴിമതിക്കേസുകളിൽ കോടതി അടുത്തിടെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

 

അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട ഷരീഫ് ചികിത്സയ്ക്കെന്ന പേരിൽ ലണ്ടനിൽ ആയിരുന്നു. 4 വർഷത്തെ പ്രവാസം മതിയാക്കി ഒക്ടോബറിലാണ് പാകിസ്ഥാനിൽ തിരിച്ചെത്തിയത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആണ് പ്രധാനമന്ത്രി പദത്തിലേക്കുള്ള ഷരീഫിന്റെ മുഖ്യ എതിരാളി. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഇമ്രാൻ വെള്ളിയാഴ്ച പത്രിക നൽകി.

Leave a Reply