നവകേരളസദസിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയിലേക്കു പോകുമെന്ന്; എംവി ഗോവിന്ദന്‍

0

 

 

തിരുവനന്തപുരം: നവകേരളസദസിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയിലേക്കു പോകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇതിനു പിന്നാലെ എംപിമാരും എംഎല്‍എമാരും ഡല്‍ഹിയിലെത്തും. കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ സമരത്തിനാണ് നാട് സാക്ഷ്യം വഹിക്കാന്‍ പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

 

കേരളത്തിന് ലഭിക്കേണ്ട 64,000 കോടി രൂപ തരാതെയാണ് കേന്ദ്രം ശ്വാസം മുട്ടിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ ശാസ്ത്രവിരുദ്ധതയുടെയും അന്ധവിശ്വാസത്തിന്റെയും വേദിയാക്കുകയാണ് കേന്ദ്രം. കേരളത്തില്‍ സെനറ്റിലേക്ക് ആര്‍എസ്എസുകാരെയും എബിവിപി ക്കാരെയും ഗവര്‍ണര്‍ നിയോഗിക്കുന്നു.

 

സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ പാവപ്പെട്ടവര്‍ക്ക് ഏറ്റവും ഗുണമേന്മയോടെ ജീവിക്കാവുന്ന സംസ്ഥാനമാക്കി. എന്നാല്‍ ഒറ്റപ്പെട്ട ഏതെങ്കിലും സംഭവമെടുത്ത് ഇതാണോ കേരളമെന്ന് ചോദിക്കുകയാണ് കോണ്‍ഗ്രസുകാരും ബിജെപിക്കാരും. ഉത്തരേന്ത്യയില്‍ ജീവിക്കുന്നവരേക്കാള്‍ കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് ആയുര്‍ദൈര്‍ഘ്യത്തില്‍ പത്തുവര്‍ഷം ബോണസാണ്. എല്ലാവര്‍ക്കും വീടും എല്ലാവര്‍ക്കും തൊഴിലുമുള്ള സംസ്ഥാനമായി സമീപഭാവിയില്‍ കേരളം മാറും എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

ഒറ്റയ്ക്ക് മത്സരിച്ച് കോണ്‍ഗ്രസിന് ബിജെപിയെ തോല്‍പ്പിക്കാനാവില്ലെന്ന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ തെളിയിച്ചിരിക്കുകയാണ്. ഓരോ സംസ്ഥാനത്തെയും പ്രത്യേക യൂണിറ്റുകളായി എടുത്ത് അവിടെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാത്ത തരത്തിലുള്ള സഖ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് തയ്യാറാകണമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here