ആശങ്കകൾക്ക് വിരാമം; നടൻ വിജയകാന്ത് ആശുപത്രി വിട്ടു

0

നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് ആശുപത്രി വിട്ടു. ആഴ്ചകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വിജയകാന്ത് പൂർണ്ണ ആരോഗ്യവാനാണെന്ന് ഡി.എം.ഡി.കെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് കഴിഞ്ഞ മാസമാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടന്റെ ആരോഗ്യനില ഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നുമുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിച്ചതോടെ ഭാര്യ പ്രേമലത രംഗത്തെത്തിയിരുന്നു. വിജയകാന്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും ഉടൻ വീട്ടിൽ തിരികെ എത്തുമെന്നും പ്രേമലത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ചില യൂട്യൂബ് ചാനലുകൾ പറയുന്നത് പോലെ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയല്ല കഴിയുന്നത്. ഉടൻ വീട്ടിലേക്ക് മടങ്ങും. ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്’- എന്നായിരുന്നു പ്രേമലത പറഞ്ഞത്.

വിജയകാന്തിന്റെ മകൻ നടന്റെ ആശുപത്രിയിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് അദ്ദേഹം. നിലവിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here