കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത: മന്ത്രി വീണാ ജോർജ്

0

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിനാൽ ജാഗ്രത പാലിക്കുകയും ബോധവത്ക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്യണം. ജില്ലാ മെഡിക്കൽ ഓഫീസർമാർ ജില്ലാ കളക്ടർമാരെ സ്ഥിതി അറിയിക്കുകയും ഹോട്ട് സ്‌പോട്ടുകൾ കൈമാറുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. ജില്ലകളിലെ ഹോട്ട് സ്‌പോട്ട് മാപ്പുകൾ പ്രസിദ്ധീകരിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യണമെന്ന് മന്ത്രി വ്യക്തമാക്കി.

 

എലിപ്പനിക്കെതിരേയും അതീവ ജാഗ്രത പുലർത്തണം. എലിപ്പനി പ്രതിരോധത്തിന് മണ്ണ് ,മലിനജലം എന്നിവയുമായി ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. സ്വയംചികിത്സ പാടില്ല. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനികൾക്ക് സാധ്യതയുള്ളതിനാൽ എത്രയും വേഗം ചികിത്സ തേടേണ്ടതുമാണ്. ഓൺലൈൻ വഴി ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, സർവെലൻസ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here