വയനാട് ചുരം ബദൽ പാതയുടെ ആവശ്യകത സർക്കാർ ഗൗരവമായി പരിഗണിക്കും: മുഖ്യമന്ത്രി

0

 

നവകേരള സദസിനോടനുബന്ധിച്ച് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാതയോഗം ജില്ലയുടെ സാമൂഹിക പരിശ്ചേദമായി മാറി. സർക്കാർ ഇടപെടലുകളും ആവശ്യങ്ങളും പരിഹാര നിർദ്ദേശവുമൊക്കെയായി സംവാദം സർഗ്ഗാത്മകമായി. വയനാട് ചുരം ബദൽ പാത, ആരോഗ്യരംഗത്തെ കൂടുതൽ സൗകര്യങ്ങൾ എന്നിവയിലുൾപ്പെടെയുള്ള സർക്കാർ നടപടികൾ മുഖ്യമന്ത്രി ചർച്ചകൾക്ക് മറുപടിയായി പറഞ്ഞു.

 

ഒൻപത് മണിക്കാരംഭിച്ച പ്രഭാതയോഗം സജീവ ചർച്ചകളുമായി ഒന്നരമണിക്കൂർ നീണ്ടു. വയനാട് പൊതുവിൽ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാര നിർദ്ദേശങ്ങളും ചർച്ചകളിലുയർന്നു. ചുരം യാത്രാദുരിതം, മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ, വന്യമൃഗശല്യം, ആദിവാസി മേഖലയിലെ വിവിധ പ്രശ്‌നങ്ങൾ എന്നിവ ക്ഷണിതാക്കൾ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ടവതരിപ്പിച്ചു. ഭിന്നശ്ശേഷിക്കാർ, ട്രാൻസ് വ്യക്തികൾ, തോട്ടം തൊഴിലാളികൾ തുടങ്ങിയവരെല്ലാം പ്രശ്‌നങ്ങളവതരിപ്പിച്ചു.

 

ചുരം ബദൽ പാതയുടെ ആവശ്യകത സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്ന് ചർച്ചകൾക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. തുരങ്കപാത നിർമാണം വേഗത്തിൽ പരിഗണിക്കുന്നതിനോടൊപ്പം മറ്റ് പദ്ധതികളും ആലോചിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോരുത്തരും ഉന്നയിച്ച പ്രശ്‌നങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

 

വന്യജീവി ആക്രമണത്തിൽ പരിഹാരമാർഗങ്ങൾ കാര്യക്ഷമമായി നടപ്പാക്കും. വിഷയത്തിൽ കൃഷിവകുപ്പും നടപടികൾ സ്വീകരിക്കും. വയനാട്ടിൽ 3 കോടി 88 ലക്ഷം രൂപയുടെ പദ്ധതി വനം വകുപ്പുമായി ചേർന്ന് നടപ്പാക്കുമെന്നും ആരോഗ്യരംഗത്തെ പുരോഗതിയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here