ആറുവയസുകാരൻ അധ്യാപികയെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; അമ്മയ്ക്ക് തടവുശിക്ഷ വിധിച്ച് കോടതി

0

 

അമേരിക്കയിൽ സ്കൂളിൽ അധ്യാപികയ്ക്ക് നേരെ വെടിയുതിർത്ത് ആറുവയസുകാരന്റെ കൊലപാതകശ്രമം. 26 കാരിയായ അമ്മ സൂക്ഷിച്ചിരുന്ന തോക്കുപയോഗിച്ചായിരുന്നു കുട്ടിയുടെ പരാക്രമം. കേസിൽ അമ്മയ്ക്ക് കോടതി 21 മാസം തടവ് ശിക്ഷ വിധിച്ചു.തോക്ക് കൈവശം വയ്ക്കുന്നതിനൊപ്പം ലഹരി ഉപയോഗിച്ചതിനാണ് ശിക്ഷ.26കാരിയായ ഡേജാ ടെയ്ലർ എന്ന യുവതിയുടെ ആറ് വയസുകാരനായ മകനാണ് സ്കൂളിലെ അധ്യാപികയായ അബ്ബി സ്വർനെറിനെതിരെ ക്ലാസ് മുറിയില്‍ വച്ച് വെടിയുതിർത്തത്.

 

ജനുവരിയിൽ നടന്ന വെടിവയ്പിൽ അധ്യാപികയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ട് ആഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വന്ന അധ്യാപികയ്ക്ക് നാല് ശസ്ത്രക്രിയകള്‍ക്ക് വിധേയയാവേണ്ടി വന്നിരുന്നു. സംഭവത്തിൽ ആറാം ക്ലാസുകാരന്റെ കൈവശം തോക്ക് എങ്ങനെയെത്തി എന്ന അന്വേഷണമാണ് കുട്ടിയുടെ അമ്മയിലേക്കെത്തിയത്.സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്ന 26 കാരി അലക്ഷ്യമായി സൂക്ഷിച്ച തോക്കാണ് ആറ് വയസുകാരന്‍ അധ്യാപികയെ വെടിവയ്ക്കാൻ ഉപയോഗിച്ചത്. കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് തോക്ക് കൈവശം വയ്ക്കുന്നതും സ്വന്തമാക്കുന്നതും അമേരിക്കയില്‍ നിയമ പ്രകാരം അനുവദനീയമല്ല.

 

കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന നടത്തിയപ്പോൾ പരിമിതമായതിലും കൂടിയ അളവില്‍ കഞ്ചാവ് 26കാരിയുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. സ്ഥിരമായ ലഹരി ഉപയോഗത്തിന്റെ തെളിവുകള്‍ 26 കാരിയുടെ ഫോണില്‍ നിന്നും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നു.ഓഗസ്റ്റിലാണ് സംഭവത്തില്‍ 26കാരി കുറ്റസമ്മതം നടത്തിയത്. കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഡേജാ ടെയ്ലർ വേറെ ശിക്ഷയും ലഭിക്കും.

Leave a Reply