വിവാഹാലോചന നിരസിച്ചു; പെൺകുട്ടിയുടെ വീട്ടുകാർക്കുനേരെ വെടിയുതിർത്ത് യുവാവ്, രണ്ട് പേർ മരിച്ചു

0

വിവാഹാലോചന നിരസിച്ചു; പെൺകുട്ടിയുടെ വീട്ടുകാർക്കുനേരെ വെടിയുതിർത്ത് യുവാവ്, രണ്ട് പേർ മരിച്ചു

പാറ്റ്‌ന: വിവാഹാലോചന നിരസിച്ചതിനെതുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർക്ക് നേരെ വെടിയുതിർത്ത് യുവാവ്. സംഭവത്തിൽ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. വിവാഹാലോചന നടത്തിയ പെൺകുട്ടിയും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. വെടിവെപ്പ് നടത്തിയ യുവാവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.

ബിഹാറിലെ ലക്ഷിസറായിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഛാത് പൂജ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കുടുംബാഗങ്ങൾക്കുനേരെ യുവാവ് വെടിയുതിർക്കുകയായിരുന്നു. പോയിന്റ് ബ്ലാങ്കിൽ വെടിയേറ്റ രണ്ട് പേർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. സഹോദരങ്ങളായ ചന്ദൻ ജാ, രാജ്‌നന്ദൻ കുമാർ എന്നിവരാണ് മരിച്ചത്. ഇരുവർക്കും 31 വയസായിരുന്നു. പരിക്കേറ്റവരെ ആദ്യം അടുത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് പാറ്റ്‌ന മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ആഷിഷ് ചൗധരി എന്നയാളാണ് വെടിവെച്ചതെന്ന് പോലീസ് സൂപ്രണ്ട് പങ്കജ് കുമാർ പറഞ്ഞു. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് പോലീസ് ഇതിനോടകം കണ്ടെടുത്തു. പ്രണയവും വിവാഹാലോചനയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു. കുടുംബത്തിലെ ഒരു പെൺകുട്ടിയെ ആഷിഷിന് വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചെങ്കിലും അവർ വിസമ്മതിച്ചു. ഇതിന്റെ പ്രതികാരമായാണ് വെടിയുതിർത്തത്. സംഭവവുമായി ബന്ധമുള്ള മറ്റ് രണ്ട് പേരെ കൂടി ചോദ്യം ചെയ്യുകയാണെന്ന് എസ്.പി പങ്കജ് കുമാർ പറഞ്ഞു.

Leave a Reply