‘വൃത്തികെട്ട ചോദ്യങ്ങൾ ചോദിച്ചു’; മഹുവ മൊയ്ത്ര എത്തിക്‌സ് കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി

0

ന്യുഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും പ്രതിപക്ഷ എംപി ഡാനിഷ് അലിയും എത്തിക്‌സ് കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി. കമ്മിറ്റി നടത്തിയ രീതിയെ ചോദ്യം ചെയ്താണ് പ്രതിപക്ഷ എംപിമാ‍ർ ഇറങ്ങിപ്പോയത്. കമ്മിറ്റി മഹുവ മൊയ്ത്രയോട് വ്യക്തിപരവും അധാർമ്മികവുമായ ചോദ്യങ്ങൾ ചോദിച്ചതായും യോഗത്തിന്റെ വിശദാംശങ്ങൾ എംപിമാരിൽ ഒരാൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതായും പ്രതിപക്ഷ എംപിമാർ പറഞ്ഞു.

 

‘ഇത് എന്ത് തരത്തിലുള്ള മീറ്റിംഗായിരുന്നു? അവർ വൃത്തികെട്ട ചോദ്യങ്ങൾ ചോദിച്ചു. അവർ അസംബന്ധം പറയുകയാണ്. നിങ്ങളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ വരുന്നുവെന്ന് അവർ പറഞ്ഞു… എന്റെ കണ്ണുകളിൽ കണ്ണുനീർ നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ,’ മഹുവ മൊയ്ത്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഹുവ മൊയ്‌ത്രയോടുള്ള ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി ചെയർപേഴ്‌സന്റെ ചോദ്യങ്ങൾ മാന്യതയില്ലാത്തതും അധാർമികവുമാണെന്ന് കോൺഗ്രസ് എംപി എൻ ഉത്തം കുമാർ റെഡ്ഡി പറഞ്ഞു.

 

കോഴ വാങ്ങി പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചുവെന്ന ആരോപണത്തിലാണ് മഹുവ മൊയ്ത്ര എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയത്. കമ്മിറ്റിക്ക് മുന്നിൽ ആരോപണം മഹുവ മൊയ്ത്ര നിഷേധിച്ചു. തന്റെ പാർലമെന്ററി ലോഗിൻ ഐഡി വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് നൽകിയതായി അവർ സമ്മതിച്ചു.

 

വ്യവസായി ഗൗതം അദാനിക്കെതിരെ ചോദ്യം ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ പണം കൈപ്പറ്റിയെന്നാരോപിച്ചാണ് ബിജെപി എംപി നിഷികാന്ത് ദുബെ രം​ഗത്തുവന്നതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്. ദുബെ ആദ്യം ലോക്സഭാ സ്പീക്കറെയും പിന്നീട് ലോക്പാലിനെയും സമീപിച്ചു. പിന്നാലെ പാർലമെന്റ് ലോഗിനും പാസ്‌വേഡും തന്റെ സുഹൃത്തും വ്യവസായിയുമായ ദർശൻ ഹിരാനന്ദാനിക്ക് നൽകിയെന്ന് മഹുവ മൊയ്ത്ര സമ്മതിച്ചു. എന്നാൽ പണമൊന്നും വാങ്ങിയിട്ടില്ലെന്നും മഹുവ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ലോഗിനും പാസ്‌വേഡുകളും ദർശന്റെ ടീമിന്റെ പക്കലുണ്ട്. അവരുടെ ഓഫീസിലെ ഒരാൾക്ക് ചോദ്യങ്ങൾ ടൈപ്പ് ചെയ്യാനും അപ്‌ലോഡ് ചെയ്യാനും ലോഗിൻ നൽകിയിട്ടുണ്ട്.

 

ഒരു ഒടിപി വരുമെന്നും അത് തന്റെ ഫോണിലേക്ക് മാത്രമേ വരൂ എന്നും മഹുവ പറഞ്ഞു. താൻ ഒടിപി നൽകുമ്പോൾ മാത്രമേ ചോദ്യങ്ങൾ സമർപ്പിക്കുകയുള്ളൂ. താനറിയാതെ ഒരു ചോദ്യവും അതിൽ വരില്ല. ദർശൻ തന്റെ ഐഡിയിൽ ലോഗിൻ ചെയ്ത് സ്വന്തം ചോദ്യങ്ങൾ ചോദിക്കുമെന്നു പറയുന്നത് പരിഹാസ്യമാണ്. അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും നിരസിച്ചുകൊണ്ട് മഹുവ മൊയ്ത്ര വ്യക്തമാക്കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here