ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ 2024 ഫെബ്രുവരി 11-ന്

0

  • രജിസ്‌ട്രേഷന്‍ ആരംഭിച്ചു
  • സമ്മാനത്തുക 15 ലക്ഷമാക്കി ഉയര്‍ത്തി

കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ രണ്ടാം പതിപ്പ് 2024 ഫെബ്രുവരി 11-ന് നടക്കും. കൊച്ചിയെ സ്‌പോര്‍ട്‌സ് ടൂറിസം ഹബ്ബായി ഉയര്‍ത്തുക, ക്ലീന്‍, ഗ്രീന്‍, സേഫ് കൊച്ചി എന്നീ ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ സംഘടിപ്പിക്കുന്നത്.

42.195 കിലോമീറ്റര്‍ മാരത്തോണ്‍, 21.097 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍, 10 കിലോമീറ്റര്‍ റണ്‍, 3 കിലോമീറ്റര്‍ ഗ്രീന്‍ റണ്‍, ശാരീരിക വൈകല്യമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേക വിഭാഗം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ നടക്കുക. മാരത്തോണ്‍, ഹാഫ് മാരത്തോണ്‍, 10 കിമി റണ്‍ എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈയിടെ നടന്ന ഏതെങ്കിലും മാരത്തോണില്‍ ഓടിയ പരിചയം ആവശ്യമാണ്. വിനോദ ഓട്ടമായ ഗ്രീന്‍ റണ്ണില്‍ സ്‌കൂളുകള്‍, കോളേജുകള്‍, ഹൗസിങ് സൊസൈറ്റികള്‍, വനിത സംഘടനകള്‍, കോര്‍പ്പറേറ്റ് ജീവനക്കാര്‍, സന്നദ്ധസംഘടകള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. ഗ്രീന്‍ റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ലീന്‍, ഗ്രീന്‍ ആന്‍ഡ് സേഫ് കേരള എന്ന പ്രമേയം ഉള്‍കൊള്ളുന്ന സന്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. മികച്ച എന്‍ട്രികള്‍ക്ക് സമ്മാനങ്ങളുമുണ്ട്. പത്തു ലക്ഷമായിരുന്ന സമ്മാനത്തുക പതിനഞ്ചു ലക്ഷമാക്കി ഉയര്‍ത്തി.

ഇത്തവണ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി ഒരു പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂറോ സംബന്ധിയായ വൈകല്യങ്ങളുള്ള കുട്ടികളുടെയും യുവാക്കളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ രക്ഷാ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഈ ഓട്ടം സംഘടിപ്പിക്കുക. മാരത്തോണിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് www.kochimarathon.in സന്ദര്‍ശിക്കുക.

ഇന്ത്യയിലെ തന്നെ പ്രമുഖ ബാങ്കുകളില്‍ ഒന്നായ ഫെഡറല്‍ ബാങ്കാണ് മാരത്തോണിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. മാരത്തോണ്‍ കൊച്ചിയിലെ പ്രകൃതി മനോഹരമായ പാതകളിലൂടെയാണ് കടന്നുപോകുക. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന മാരത്തോണിന്റെ പ്രഖ്യാപനച്ചടങ്ങില്‍ അത്ലെറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് പത്മശ്രീ അഞ്ജു ബോബി ജോര്‍ജ്, ഹൈബി ഈഡന്‍ എംപി, ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എംവിഎസ് മൂര്‍ത്തി, സീനിയര്‍ വൈസ് പ്രസിഡന്റ് & സോണല്‍ ഹെഡ് കുര്യാക്കോസ് കോണില്‍, വൈസ് പ്രസിഡന്റുമാരായ എ. അജിത് കുമാര്‍, ജി സുരേഷ് കുമാര്‍, സീനിയര്‍ ഓഫീസര്‍മാരായ സോണി റേച്ചല്‍ ഉമ്മന്‍, ജി കാര്‍ത്തിക്, അനൂപ് ഹരീന്ദ്രന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ്, ക്ലിയോ സ്‌പോര്‍ട്‌സ് ഉടമകളായ ബൈജു പോള്‍, അനീഷ് പോള്‍, ശബരി നായര്‍, എം ആര്‍ കെ ജയറാം, വിപിന്‍ നമ്പ്യാര്‍, ജോസഫ്, രക്ഷ സൊസൈറ്റി സെക്രട്ടറി അനില നൈനാന്‍, ക്രൗണ്‍പ്ലാസ ജി എം ദിനേഷ് റായ് തുടങ്ങിയവര്‍ പങ്കെടുത്തു.

മാരത്തോണ്‍ വന്‍ വിജയമാക്കാനായി വന്‍കിട ബ്രാന്‍ഡുകള്‍, സംസ്ഥാന സര്‍ക്കാര്‍, സന്നദ്ധസംഘടനകള്‍, കേരള പോലീസ്, വിദ്യാര്‍ഥികള്‍, ഓട്ടക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ സംഘാടകരായ ക്ലിയോസ്‌പോര്‍ട്‌സ് അണിനിരത്തുന്നുണ്ട്. കൊച്ചിയുടെ സൗന്ദര്യം ലോകത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിലൂടെ സാധിക്കുമെന്ന് ഹൈബി ഈഡന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കായിക, ടൂറിസം മേഖലയ്ക്ക് കരുത്തേകുന്ന കൊച്ചി മാരത്തണ്‍ രാജ്യത്തിന്റെ വരുമാനത്തില്‍ വലിയ മാറ്റം വരുത്തുമെന്ന് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.

വളരെ കുറഞ്ഞ സമയത്തിന്റെ ആസൂത്രണത്തോടെ സംഘടിപ്പിച്ച ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ആദ്യ പതിപ്പ് വന്‍ വിജയമാക്കാന്‍ കഴിഞ്ഞതിന്റെ പിന്‍ബലത്തില്‍ രണ്ടാം പതിപ്പുമായി സഹകരിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം.വി.എസ്. മൂര്‍ത്തി പറഞ്ഞു. മാരത്തോണിന്റെ നിര്‍ദ്ദിഷ്ട ലക്ഷ്യം കൈവരിക്കാന്‍ രണ്ടാം പതിപ്പിന് കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

കൊച്ചിയുടെ സ്വന്തം മാരത്തോണിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കാനാകുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ക്ലിയോസ്‌പോര്‍ട്‌സ് ഭാരവാഹികളായ അനീഷ് പോള്‍, ശബരി നായര്‍, ബൈജു പോള്‍ എന്നിവര്‍ പറഞ്ഞു. കൊച്ചിയെ സ്‌പോര്‍ട്‌സ് ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയ്ക്ക് ഉയര്‍ത്തികൊണ്ടുവരുന്നതിനും ജിസിഡിഎ എന്നിവയോടൊപ്പം ചേര്‍ന്ന് കരുത്തുറ്റ കൊച്ചിയ്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. വിജയകരമായ പൊതു, സ്വകാര്യ പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണ് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണെന്നും ഇതിന് എല്ലാവരുടെയും പിന്തുണ ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ക്ലിയോസ്‌പോര്‍ട്‌സ് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

ഫോട്ടോ കാപ്ഷന്‍:

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ രണ്ടാം എഡിഷന്‍ പ്രഖ്യാപനം അത്ലെറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് പത്മശ്രീ അഞ്ജു ബോബി ജോര്‍ജ്, ഹൈബി ഈഡന്‍ എംപി, ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എംവിഎസ് മൂര്‍ത്തി, സീനിയര്‍ വൈസ് പ്രസിഡന്റ് & സോണല്‍ ഹെഡ് കുര്യാക്കോസ് കോണില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

സ്റ്റേറ്റ് എഡിഷനില്‍ പ്രസിദ്ധീകരിക്കാന്‍ അഭ്യര്‍ത്ഥന

LEAVE A REPLY

Please enter your comment!
Please enter your name here