ചാച്ചാജിയുടെ ഓർമ പുതുക്കി ഇന്ന് ശിശുദിനം

0

ഇന്ന് ശിശുദിനം. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻറെ 134-ാം ജന്മദിനം. കുഞ്ഞുങ്ങളുടെ സ്വന്തം ചാച്ചാജിയുടെ ജന്മദിനമായ നവംബർ പതിനാലിനാണ് ഇന്ത്യയിൽ ശിശു ദിനം ആഘോഷിക്കുന്നത്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അലഹബാദിൽ 1889ലാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജനനം.

എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കൻ നെഹ്റു നടത്തിയ പരിശ്രമങ്ങളാണ് ഇന്നത്തെ തലമുറയ്ക്ക് കരുത്തായതെന്നത് ചരിത്രമാണ്. ശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം കുട്ടികളുടെ പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കും. ചാച്ചാജിയുടെ വേഷമണിഞ്ഞുളള കുരുന്നുകളുടെ കലാപരിപാടികളും സമ്മാന വിതരണവും ഉണ്ടാകും. പൂക്കളെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓർമയ്ക്കായി കുരുന്നുകൾ ശിശുദിനത്തിൽ റോസാപ്പൂ പരസ്പരം കൈമാറാറുണ്ട്.

ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം ധാരാളം പേർ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർ നെഹ്റുവിനെ കാണാൻ ദിവസം എത്താറുണ്ടായിരുന്നു. ഒരു ദിവസം ഗ്രാമവാസിയായ ഒരു സ്ത്രീ നെഹ്‌റുവിന് ഒരു റോസാപ്പൂ സമ്മാനമായി നൽകുവാനായി ക്യൂവിൽനിന്നു. എന്നാൽ സുരക്ഷാ ജീവനക്കാർ അവരെ നെഹ്റുവിന് അടുത്തേക്ക് കടത്തിവിട്ടില്ല. വിലപിടിച്ച സമ്മാനങ്ങളും മനോഹരമായി വസ്ത്രം ധരിച്ച സന്ദർശകരെയുമാണ് അവർ കടത്തിവിട്ടത്. ഇത് ആ സ്ത്രീയിൽ മാനസിക വിഷമമുണ്ടാക്കി. തന്റെ വീട്ടുമുറ്റത്ത് വളർന്ന റോസാപ്പൂവല്ലാതെ മറ്റൊന്നും സമ്മാനമായി നൽകാൻ ആ സ്ത്രീക്ക് ഇല്ലായിരുന്നു.

പക്ഷേ നെഹ്റുവിന് തന്റെ സമ്മാനം എങ്ങനെയും നൽകണമെന്ന ആഗ്രഹത്താൽ ഓരോ ദിവസവും റോസാപ്പൂവുമായി അവർ കാണാനെത്തി. ഈ വിവരം നെഹ്റു അറിഞ്ഞില്ല. ഒരു ദിവസം സുരക്ഷാ ജീവനക്കാരുമായി സ്ത്രീ തർക്കിക്കുന്നത് നെഹ്റുവിന്റെ ശ്രദ്ധയിൽപ്പെട്ടു. അവരെ കടത്തി വിടാൻ നിർദേശിച്ചു. അവർ കൊണ്ടുവന്ന റോസാപ്പൂ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും കുപ്പായത്തിന്റെ ഒരു ഭാഗത്ത് കുത്തിവയ്ക്കുകയും ചെയ്തു. സമ്മാനമെന്തായാലും അത് തരാനുളള മനസിനെ നെഹ്റു പ്രകീർത്തിച്ചു. പിന്നീട് നെഹ്റുവിന്റെ അടയാളമായി റോസാപ്പൂ മാറി.

കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിവസമാണ് ശിശുദിനം. രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രധാനം ചെയ്യുന്നുണ്ട്. ചാച്ചാജി എന്ന ഓമനപ്പേരിനാൽ നെഹ്‌റു എന്നും ഓർമ്മിക്കപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here