കരുനാഗപ്പള്ളിയിൽ തീ തുപ്പുന്ന കാർ പിടികൂടി മോട്ടോർവാഹന വകുപ്പ്

0

കരുനാഗപ്പള്ളി :കരുനാഗപ്പള്ളിയിൽ തീ തുപ്പുന്ന കാർ വീണ്ടും പിടികൂടി മോട്ടോർവാഹന വകുപ്പ്. വള്ളിക്കാവിലെ സ്വകാര്യ കോളേജിന് സമീപത്തുനിന്നാണ് വാഹനം പിടിച്ചത്. സൈലൻസറിൽനിന്ന് തീ തുപ്പുന്ന തരത്തിലായിരുന്നു രൂപമാറ്റം. കാതടപ്പിക്കുന്ന തരത്തിലുള്ള വാഹനങ്ങളുടെ സഞ്ചാരം ജനങ്ങൾക്ക് ബുദ്ധിമുട്ട് ആയതോടെയായിരുന്നു പരിശോധന. എൻജിനിൽനിന്ന് പ്രത്യേക പൈപ്പ് സൈലൻസറിൽ എത്തിച്ച് തീ വരാനുള്ള സംവിധാനമാണ് കാറിൽ ഉണ്ടാക്കിയിരിക്കുന്നത്. സൈലൻസറിൽ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന തരത്തിൽ അമിത ശബ്ദം പുറപ്പെടുവിക്കുന്ന സംവിധാനങ്ങളും രൂപമാറ്റം വരുത്തിയ വീൽ ഡിസ്കുകളും ഘടിപ്പിച്ചിരുന്നു.

പിന്നിൽ പോകുന്ന വാഹനങ്ങൾക്ക് അപകടമുണ്ടാക്കും വിധത്തിലാണ് രൂപമാറ്റം. തഴവ സ്വദേശി ബിജിമോളുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. പിഴ കൂടാതെ കാർ പഴയ രൂപത്തിലാക്കണമെന്ന നിർദേശവും ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജയചന്ദ്രൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഗുരുദാസൻ, നൗഷാദ് എന്നിവരാണ് വാഹനം പിടിച്ചെടുത്തത്. ഇതുകൂടാതെ ക്യാമ്പസിൽനിന്ന് രൂപമാറ്റം വരുത്തിയ നിരവധി ബൈക്കുകളും പിടികൂടി. എറണാകുളം, കോഴിക്കോട് ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം രൂപമാറ്റങ്ങൾ നടത്തുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here