വി.എസ്.എസ്.സി പരീക്ഷയിലെ ആൾമാറാട്ടം അംഗീകരിക്കാനാകില്ല; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി

0

കൊച്ചി: പരീക്ഷകളിലെ ആൾമാറാട്ടം അംഗീകരിക്കാനാകില്ലെന്നും കർശനമായി കൈകാര്യം ചെയ്യണമെന്നും ഹൈക്കോടതി. വി.എസ്.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നതിന് ഇടയിലായിരുന്നു കോടതിയുടെ പരാമർശം. പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

ഇത്തരത്തിലുള്ള പ്രവണത ഇപ്പോൾ വ്യാപകമാണെന്ന് ജസ്റ്റിസ് മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടി. തട്ടിപ്പ് ഒരു നിലയ്ക്കും അംഗീകരിക്കാനാകില്ല. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും ഉത്തരവിൽ പറയുന്നു.

ഹരിയാന സ്വദേശിയായ പ്രതി അമിത് ജാമ്യത്തിലിറങ്ങിയാൽ കേസിന്റെ അന്വേഷണത്തെ ബാധിക്കാനിടയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ രണ്ടാം പ്രതിയെ രക്ഷിക്കാൻ ഇതു കാരണമായേക്കും. പ്രതി സംസ്ഥാനം വിട്ടുപോകാനും സാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

വി.എസ്.എസ്.സിയിൽ ടെക്നീഷ്യന്മാരെ നിയമിക്കാനുള്ള എഴുത്തുപരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു. പരീക്ഷയിൽ ആൾമാറാട്ടം നടത്തി കോപ്പിയടിക്കുന്നതിന് ഏഴുലക്ഷം പ്രതിഫലമായി നൽകിയതായി പൊലീസ് കണ്ടെത്തിയിരുന്നു. സംഘം ഹരിയാനയിൽ മുൻപും പരീക്ഷാത്തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു.

തിരുവനന്തപുരത്തെത്തി തട്ടിപ്പ് നടത്തിയവർക്ക് പ്രതിഫലം മുൻകൂറായി നൽകി. തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത് ഹരിയാനയിലെ ജിന്ദ് ജില്ലയിലുള്ള വൻ സംഘമാണെന്നും പൊലീസ് കണ്ടെത്തി. 2018 മുതൽ ഹരിയാനയിൽ തന്നെ പലതവണ പരീക്ഷയിൽ ആൾമാറാട്ടവും കോപ്പിയടിയും നടത്തിയ സംഘമാണ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി കേരളത്തിലും തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here